മങ്കിപോക്സ്: വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കർശന പരിശോധന ഉറപ്പാക്കണമെന്ന് കേന്ദ്രം

monkey pox
 

ഡല്‍ഹി: രാജ്യത്ത് രണ്ട് കുരങ്ങ് വസൂരി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശം. വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കുമാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്.

കണ്ണൂർ സ്വദേശിക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. ഈ മാസം 13ന് ദുബായിൽ നിന്നെത്തിയ ആൾക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് മുപ്പത്തിയൊന്നുകാരനായ രോഗി.

രാജ്യത്ത് കുരങ്ങ് വസൂരി പടരാതിരിക്കാന്‍ എല്ലാ അന്താരാഷ്ട്ര യാത്രക്കാരുടെയും ആരോഗ്യ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്രം അറിയിച്ചത്. ആരോഗ്യ പരിശോധന പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിന് അന്താരാഷ്ട്ര തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഇമിഗ്രേഷൻ ഏജൻസികളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനും നിര്‍ദേശമുണ്ട്.

രാജ്യത്ത് രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം യോഗം വിളിച്ചത്. വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ഹെല്‍ത്ത് ഓഫീസർമാർ, ആരോഗ്യ കുടുംബക്ഷേമ റീജിയണൽ ഓഫീസുകളിലെ ഡയറക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തതായി സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
 
 
ഗൾഫിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിൽ എത്തിയ കണ്ണൂർ സ്വദേശിക്ക് നാട്ടിൽ എത്തിയതിന് ശേഷം പനിയും ശരീരത്തിൽ തടിപ്പും കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.സുദീപ് പറഞ്ഞു. ഇദ്ദേഹവുമായി അടുത്ത് സമ്പര്‍ക്കമുണ്ടായവരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കൽ കോളജിലെ പ്രത്യേക ഐസൊലേഷൻ മുറിയിലാണ് ചികിത്സ നൽകുന്നത്. ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ചികിത്സ നടത്തുന്നത്.  
 

മംഗളൂരുവിൽ നിന്ന് കണ്ണൂരിലെ വീട്ടിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവർ, വീട്ടുകാർ എന്നിവരുമായാണ് യുവാവിന് അടുത്ത ബന്ധമുണ്ടായിരുന്നത്. ഇവരെയാണ് നിലവിൽ നിരീക്ഷണത്തിൽ ആക്കിയിരിക്കുന്നത്. കൂടുതൽ ആളുകളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് ആരോഗ്യ വകുപ്പധികൃതർ വ്യക്തമാക്കി. നിരീക്ഷണത്തിലുള്ള ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ ഇല്ല.