മുകേഷ് അംബാനി ഗുരുവായൂരിൽ; അന്നദാനഫണ്ടിലേക്ക് 1.51 കോടിയുടെ കാണിക്ക നൽകി

Mukesh Ambani in Guruvayur
 


ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. ശനിയാഴ്ച വൈകിട്ട് 5 മണിയോടെ ഇളയ മകൻ ആനന്ദിന്റെ പ്രതിശ്രുത വധു രാധികാ മർച്ചന്റ്, റിലയൻസ് ഡയറക്ടർ മനോജ് മോദി എന്നിവർക്കൊപ്പമാണ് മുകേഷ് അംബാനിയെത്തിയത്. 


ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ എത്തിയ മുകേഷ് അംബാനി റോഡ് മാർഗ്ഗമാണ് ക്ഷേത്രത്തിൽ എത്തിയത്. ശ്രീവൽസം ഗസ്റ്റിനു സമീപം തെക്കേ നടപ്പന്തലിനു മുന്നിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ സി.മനോജ്, മുൻ എംപി ചെങ്ങറ സുരേന്ദ്രൻ, കെ.വി.മോഹന കൃഷ്ണൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ദേഹത്ത പൊന്നാടയണിയിച്ചു.
 
"കുറച്ചു കാലമായി ഇവിടെ വന്നിട്ട് ഇപ്പോൾ വരാനായി. വളരെ സന്തോഷം. സ്വീകരണത്തിന് നന്ദി" മുകേഷ് അംബാനി പറഞ്ഞു. തുടർന്ന് ക്ഷേത്രത്തിലെത്തി. നമസ്ക്കാര മണ്ഡപ സമീപത്തെ വിളക്കിൽ നെയ്യർപ്പിച്ചു. ക്ഷേത്ര കാര്യങ്ങൾ ചോദിച്ചറിഞ്ഞ മുകേഷ് അംബാനി കാണിക്കയായി 1.51 കോടിയുടെ ചെക്ക് നൽകി. ക്ഷേത്രത്തിലെ അന്നദാനത്തിന് വേണ്ടിയാകും ദേവസ്വം ബോർഡ് ഈ തുക ചിലവഴിക്കുക. ക്ഷേത്രത്തിൽ വഴിപാടുകൾ കഴിച്ച ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്.  

കാണിക്ക നൽകിയതിൽ അതിയായ സന്തോഷമുണ്ടെന്ന് വി.കെ വിജയൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഗുരുവായൂർ ദർശനം കഴിഞ്ഞ് മുകേഷ് അംബാനി മടങ്ങി. കാണിക്കയായി അദ്ദേഹം ചെക്ക് സമർപ്പിച്ചിരുന്നു. 1 കോടി 51 ലക്ഷത്തിന്റെ ചെക്കാണ് നൽകിയത്. ഈ തുക അന്നദാനത്തിന് വേണ്ടി ചിലവഴിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇത് പ്രകാരം ചെയ്യും. ആദ്യമായാണ് ക്ഷേത്രത്തിൽ ഇത്രയും വലിയ തുക കാണിക്കയായി ലഭിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.