നഗരസഭയിലെ കത്ത് വിവാദം; അന്വേഷണ കമ്മിഷനെ തീരുമാനിച്ചിട്ടില്ലെന്ന് ആനാവൂർ നാഗപ്പൻ

anavoor
 

തിരുവനന്തപുരം: നഗരസഭാ കത്ത് വിവാദത്തിൽ അന്വേഷണ കമ്മീഷനെ തീരുമാനിച്ചിട്ടില്ലെന്ന്  സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കത്ത് വിവാദം ജില്ല കമ്മിറ്റി യോഗത്തിൽ ചർച്ചയായില്ലെന്നും ആനാവൂർ പറഞ്ഞു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോ​ഗമാണ് നടന്നത്.

അതേസമയം കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ചും വിജിലൻസും അന്വേഷണം ഊർജിതമാക്കി. കത്ത് വ്യാജമായി തയ്യാറാക്കിയതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എഫ്ഐആർ ഉടൻ രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. പൊതുമരാമത്ത് സ്റ്റാന്‍റിങ് കൗൺസിൽ ചെയർമാൻ ഡി ആർ അനിലിന്റെ മൊഴി അടുത്ത ദിവസം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. 

അതിനുശേഷം ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. വിജിലൻസ് സംഘം നഗരസഭാ ജീവനക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. നഗരസഭാ ജീവനക്കാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കത്ത് തയ്യാറാക്കിയിട്ടില്ലെന്നാണ് ജീവനക്കാരുടെ മൊഴി. നേരത്തെ ക്രൈം ബ്രാഞ്ചും ഇവരുടെ മൊഴിയെടുത്തിരുന്നു. 

വിവാദമായ കത്തുകളുടെ ഒറിജിനൽ കണ്ടെത്തണമെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പറയുന്നത്. ഒറിജിനൽ കണ്ടെത്താൻ കേസെടുത്തു അന്വേഷണം നടത്തണമെന്ന് ചൂണ്ടിക്കാട്ടി ഉടൻ സംസ്ഥാന പൊലീസ് മേധാവിക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.അതേ സമയം സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ടെലിഫോണിൽ നൽകിയ വിശദീകരണമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.