ലീഗ് പതാക പാകിസ്ഥാനിൽ സ്ഥാപിക്കാൻ കോണ്‍ഗ്രസ് നേതാവ് പറഞ്ഞെന്ന വാര്‍ത്ത തള്ളി മുസ്ലീം ലീഗ് നേതൃത്വം

മുസ്‌ലീം ലീഗ്
 

തിരുവനന്തപുരം: കഴക്കൂട്ടം ആറ്റിപ്രയിൽ യുഡിഎഫ് സംഘടിപ്പിച്ച പരിപാടിക്കിടെ മുസ്ലിംലീഗ് കൊടി പാകിസ്ഥാനിൽ കൊണ്ടുപോയി കെട്ടണമെന്ന് കോൺഗ്രസ് നേതാവ് ആക്രോശിച്ചെന്ന് പരാതി പറഞ്ഞ വെമ്പായം നസീർ പാര്‍ട്ടി അംഗമല്ലെന്ന് മുസ്ലിം ലീഗ് അറിയിച്ചു.  മുസ്ലീം ലീഗ് പതാകയെ ആരും അപമാനിച്ചിട്ടില്ലെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.  

അതേസമയം തിരുവനന്തപുരത്ത് യുഡിഎഫ് പരിപാടിയില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ടെന്ന് വെമ്പായം നസീർ പരാതി നൽകി. കഴക്കൂട്ടം കുളത്തൂരിലാണ് യുഡിഎഫ് ധര്‍ണയ്‌ക്കെത്തിയ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീറിനെ ഇറക്കി വിട്ടത്. മുസ്ലിംലീഗ് പതാക പാകിസ്താനില്‍ വെച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസ് നേതാവ് ആക്ഷേപിച്ചുവെന്നും വെമ്പായം നസീര്‍ പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ അഴിമതിയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ ധര്‍ണക്കിടെയായിരുന്നു സംഭവം. യുഡിഎഫ് സമരത്തിനെത്തിയ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീറിനെ അപമാനിച്ച് ഇറക്കിവിട്ടെന്നാണ് പരാതി. മുസ്ലിംലീഗ് പതാക കെട്ടാന്‍ ശ്രമിച്ചപ്പോള്‍ വലിച്ചെറിഞ്ഞു. മുസ്ലിംലീഗ് പതാക പാക്കിസ്താനില്‍ കൊണ്ട് കെട്ടണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അണ്ടൂര്‍കോണം സനല്‍കുമാര്‍ അധിക്ഷേപിച്ചെന്നും നസീര്‍ പറഞ്ഞു.

വെമ്പായം നസീർ ആരാണെന്ന് പോലും അറിയില്ലെന്നും വേദിയിലെ ഫ്ലക്സിൽ യുഡിഎഫ് പരിപാടിയെന്ന് ഉണ്ടായിരുന്നെങ്കിലും കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇതെന്നും കോണ്‍ഗ്രസ് നേതാവ് ആണ്ടൂര്‍കോണം സനലും വിശദീകരിച്ചു.