പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്
തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ. സംസ്ഥാനത്തെ 56 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെ ആരംഭിച്ച റെയ്ഡില്‍ നിരവധി രേഖകളും മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തു എന്നാണ് സൂചനകള്‍.
അതേസമയം, പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കിയവര് എന്നിവരുടെയെല്ലാം വീടുകളിലാണ് പരിശോധന നടക്കുന്നത്. ഇവരില്‍ പലരും പിഎഫ്ഐ നിരോധനം മുതല്‍ തന്നെ എന്‍ഐഎ നിരീക്ഷണത്തിലായിരുന്നുവെന്നാണ് സൂചന. ദില്ലിയില്‍ നിന്നടക്കമുള്ള എന്‍ഐഎ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടപടികള്‍. കേരള പൊലീസും റെയ്ഡുമായി സഹകരിക്കുന്നുണ്ട്. എവിടെയും പ്രതിഷേധവും പ്രതിരോധമോ ഇല്ലാതെയാണ് റെയ്ഡ് പുരോഗമിച്ചത്. എറണാകുളം റൂറലില്‍ 12 ഇടത്താണ് റെയ്ഡ് നടന്നത്.
തിരുവനന്തപുരം ജില്ലയില്‍ തോന്നയ്ക്കല്‍, നെടുമങ്ങാട്. പള്ളിക്കല്‍ എന്നിവിടങ്ങളിലാണ് പരിശോധന. പത്തനംതിട്ടയില്‍ പിഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം നിസാറിന്റെ വീട്ടിലും പരിശോധന നടക്കുന്നു. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പിഎഫ്ഐ നേതാവ് സുനീര്‍ മൗലവിയുടെ വീട്ടിലും പരിശോധന നടത്തുന്നു.