ദേശീയപാതയിലെ കുഴിയിൽ വീണ് മരണം; പ്രതിപക്ഷ നേതാവിന്‍റെ വിചിത്ര വാദം; നിലപാട് തിരുത്തണമെന്ന് മന്ത്രി റിയാസ്

riyas
 

തിരുവനന്തപുരം: എറണാകുളത്ത് ദേശീയപാതയിലെ കുഴിയിൽ വീണ് ഹോട്ടൽ തൊഴിലാളി മരിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി പിഎ മുഹമ്മദ് റിയാസ്. പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരാണ് പ്രവർത്തനം നടത്തേണ്ടതെന്ന് വിചിത്ര വാദമാണെന്ന് റിയാസ് പറഞ്ഞു. പ്രതിപക്ഷ നേതാവ് അറിയാതെ പറഞ്ഞതാണെങ്കിൽ തിരുത്തണം. എന്തിനാണ് അദ്ദേഹം ദേശീയപാത അതോറിറ്റിയെ സംരക്ഷിക്കുന്നതെന്നും റിയാസ് ചോദിച്ചു.

രാഷ്ട്രീയ മര്യാദയ്ക്ക് ചേരാത്ത നടപടിയാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഒരാളുടെ മരണത്തെ പോലും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്. കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ക്ക് വേണ്ടി വക്കാലത്ത് എടുക്കുകയാണ് വി.ഡി.സതീശനെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

ആലപ്പുഴയിലെ ദേശീയപാതയില്‍ ഉണ്ടായ മരണത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ച നിലപാട് ഇങ്ങനെ ആയിരുന്നില്ല. അന്ന് പ്രതിപക്ഷവും സര്‍ക്കാരും ഒന്നിച്ചു നിന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
   
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.20 നാണ് അപകടം ഉണ്ടായത്. ഹോട്ടൽ ജീവനക്കാരനായ ഹാഷിമിന്റെ സ്കൂട്ടർ നെടുമ്പാശേരിക്ക് സമീപം ദേശീയപാതയിലെ വളവിനോട് ചേർന്നുണ്ടായിരുന്ന ഭീമൻ കുഴിയിൽ വീഴുകയായിരുന്നു. വാഹനത്തിൽ നിന്ന് തെറിച്ചുവീണ ഇദ്ദേഹം പിന്നാലെ വന്ന മറ്റൊരു വാഹനം ദേഹത്ത് കയറിയിറങ്ങിയതോടെ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 

സംഭവത്തിൽ ദേശീയപാത അതോറിറ്റിയെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെയും കുറ്റപ്പെടുത്തിയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയത്. റോഡ് നന്നാക്കാതെ ടോൾ പിരിക്കാൻ അനുവദിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.