കോട്ടയത്ത് പെൺകുട്ടികളെ ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ സംഭവം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

google news
nhrc

കോട്ടയം : കോട്ടയത്തെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസ് അയച്ചതായി ഡെപ്യൂട്ടി ഡയറക്ടർ ജൈമനി കുമാർ ശ്രീവാസ്തവ പറഞ്ഞു. പെൺകുട്ടികൾ എന്തുകൊണ്ട്‌ പുറത്തു പോയി എന്ന് അന്വേഷിക്കും.

ഷൽടർ ഹോമിലെ പെൺകുട്ടികൾ പ്രതിഷേധിച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ഷെൽട്ടർ ഹോം ആയിട്ടും പെൺകുട്ടികളുടെ പരാതികൾ എന്തുകൊണ്ട് വകുപ്പ് അറിഞ്ഞില്ല എന്ന് ജൈമനി കുമാർ ശ്രീവാസ്തവ ചോദിച്ചു. കമ്മീഷൻ പ്രതിനിധി നേരിട്ട് കോട്ടയത്തെത്തി സ്ഥിതി‌ പഠിക്കും. കോട്ടയത്തെ മറ്റ് ഷെൽട്ടർ ഹോമുകളും കമ്മീഷൻ പ്രതിനിധി സന്ദർശിക്കും. 

കുട്ടികളെ പുറത്ത് കടക്കാൻ സഹായിച്ചത് ആരാണ് എന്നും, എന്ത് നടപടി ആണ് സ്വീകരിച്ചത് എന്നും അറിയേണ്ടതുണ്ട്. രണ്ടാഴ്ചത്തെ സമയം കേരള സർക്കാരിന് അനുവദിച്ചിട്ടുണ്ടെന്നും  ജൈമനി കുമാർ ശ്രീവാസ്തവ വ്യക്തമാക്കി. 

  
അതേസമയം, മഹിളാ സമഖ്യാ സൊസൈറ്റിക്കെതിരെ സിഡബ്ല്യുസി നടപടിക്ക് ശുപാർശ ചെയ്തു. സൊസൈറ്റിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകളുണ്ടായെന്ന റിപ്പോർട്ട് കളക്ടർക്ക് നൽകി.

സംസ്ഥാന വനിത ശിശു വകുപ്പിന്റെ കീഴിലുള്ള ഷെൽട്ടർ ഹോമിന്റെ നടത്തിപ്പ് മഹിളാ സമഖ്യ സൊസൈറ്റിക്കാണ്. ഇവിടെ താമസിച്ചിരുന്ന പെൺകുട്ടികളെ മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

 
അതേസമയം മാങ്ങാനം ഷെൽട്ടർ ഹോമിൽനിന്നു കാണാതായ ഒൻപതു പെൺകുട്ടികളെ എറണാകുളം കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയിലുള്ള കൂര് മലയിൽ നിന്നാണ് കണ്ടെത്തിയത്. ആളുകൾ സൂര്യാസ്തമയം കാണാനും മറ്റും എത്താറുള്ള ഇവിടെ, കുരിശ് കാണാൻ വന്നതാണ് എന്നാണ് പെൺകുട്ടികൾ പൊലീസിനോടു പറഞ്ഞത്. സ്വന്തം ഇഷ്ടപ്രകാരം വന്നതെന്നും പെൺകുട്ടികൾ പൊലീസിനോടു പറഞ്ഞു.

Tags