തിരുവനന്തപുരം എസ്എഫ്‌ഐയിൽ പുതിയ ഭാരവാഹികൾ: ആദർശ് ജില്ലാ സെക്രട്ടറി; ആദിത്യൻ ജില്ലാ പ്രസിഡന്റ്

sfi
 

തിരുവനന്തപുരം: എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ. ആദിത്യൻ ജില്ലാ പ്രസിഡന്റും ആദർശ് ജില്ലാ സെക്രട്ടറിയുമാവും. ലഹരി ക്യാമ്പയിനിന് ശേഷം മദ്യപിച്ച് നൃത്തം ചെയ്തതിന് നേരത്തെ ഭാരവാഹികളെ നീക്കിയിരുന്നു. തുടർന്ന് മുൻജില്ലാ നേതൃത്വത്തിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. ശേഷം പ്രസിഡന്റിനെയും സെക്രട്ടറിയേയും മാറ്റാനുള്ള തീരുമാനമെടുക്കുകയായിരുന്നു.


സംസ്കൃത കോളജ് പരിസരത്ത് രാത്രി മദ്യപിച്ച് നൃത്തം ചെയ്ത വിഡിയോ വൈറലായതോടെയാണ് മുൻ പ്രസിഡന്റ് ജോബിൻ ജോസ്, സെക്രട്ടറി ഗോകുൽ ഗോപിനാഥ് എന്നിവരുൾപ്പെടെ നാലു പേര്‍ക്കെതിരെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി നടപടിയെടുത്തത്. ഇവരെ എസ്എഫ്ഐ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു.

നേതാക്കളുടെ നൃത്തം പകർത്തി നേതൃത്വത്തിനു പരാതി നൽകിയ മുൻ പാളയം ഏരിയ സെക്രട്ടറി നന്ദുവും ഏരിയ കമ്മിറ്റി അംഗം നസീമും അംഗത്വത്തിൽ നിന്ന് പുറത്തായി. വിഡിയോ പ്രചരിപ്പിച്ചതും വാർത്തകൾ മാധ്യമങ്ങൾക്കു ചോർത്തി നൽകുന്നതുമടക്കമുള്ള സംഭവങ്ങൾ അന്വേഷിക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്.