'ആരെയും പറ്റിച്ചിട്ടില്ല', തിരികെ വരും; പ്രവീണ്‍ റാണ

praveen rana

കൊച്ചി: ആരെയും പറ്റിച്ചിട്ടില്ല. എല്ലാ നിക്ഷേപകര്‍ക്കും പണം തിരികെ നല്‍കുമെന്ന് സേഫ് ആന്റ് സ്‌ട്രോംഗ് തട്ടിപ്പുകേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ. താന്‍ ബിസിനസ് മാത്രമാണ് ചെയ്തതെന്നും തിരികെ വരുമെന്നും പിടിയിലായതിന് പിന്നാലെ പ്രവീണ്‍ റാണ പറഞ്ഞു. 
 ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് റാണയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. 

അതേസമയം, നിക്ഷേപ തട്ടിപ്പിലൂടെ സമ്പാദിച്ച പണം ധൂര്‍ത്തടിച്ച് ചെലവഴിച്ചെന്ന് പ്രവീണ്‍ റാണ പൊലീസിന് മൊഴി നല്‍കിയിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രവീണ്‍ റാണ ഇക്കാര്യം പറഞ്ഞതെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വിരലിലുണ്ടായിരുന്ന വിവാഹമോതിരം വിറ്റാണ് ഒളിവില്‍ പോകാനുള്ള പണം കണ്ടെത്തിയത്. കോയമ്ബത്തൂരിലെത്തിയാണ് മോതിരം വിറ്റതെന്നും പ്രവീണ്‍ പൊലീസിനോട് പറഞ്ഞു.

പൊള്ളാച്ചിയിലെത്തുമ്പോള്‍ ആകെ കയ്യിലുണ്ടായിരുന്നത് 75,000 രൂപയാണെന്നും പണത്തിനായി പല സുഹൃത്തുക്കളോടും സഹായം ചോദിച്ചെങ്കിലും എല്ലാവരും കൈമലര്‍ത്തിയെന്നും പിടിയിലായ റാണ പറഞ്ഞു. അതേസമയം, സുഹൃത്ത് ഷൗക്കത്തിന് 16 കോടി രൂപ കൊടുത്തതായി റാണ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ട് അംഗരക്ഷകരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസമാണ് സേഫ് ആന്‍ഡ് സ്‌ട്രോംഗ് നിക്ഷേപ കമ്പനി വഴി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണ പിടിയിലാകുന്നത്. 

കൊച്ചിയിലെ ഫ്‌ളാറ്റില്‍ പൊലീസ് എത്തിയതിന് പിന്നാലെ അവിടെ നിന്നും രക്ഷപ്പെട്ട റാണയെ സുഹൃത്തുക്കള്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഇറക്കി. അവിടെ നിന്നും ബസില്‍ ഇയാള്‍ അങ്കമാലി എത്തി. അങ്കമാലിയില്‍ നിന്നും ബന്ധുവായ പ്രജിത്തിന്റെ കാറിലാണ് പൊള്ളാച്ചിയിലേക്ക് പോയത്. ജനുവരി ഏഴിനെ പുലര്‍ച്ചെയാണ് ഇയാള്‍ കൊച്ചിയില്‍ നിന്നും പൊള്ളാച്ചിയിലേക്ക് കടന്നത്. പൊള്ളാച്ചിയില്‍ റാണ ഒളിവില്‍ കഴിഞ്ഞ ക്വാറിയുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.