ഭരണഘടനാവിരുദ്ധമായി ഒന്നും സംസാരിച്ചിട്ടില്ല; മാറിനിന്നത് സര്‍ക്കാര്‍ താല്‍പ്പര്യം സംരക്ഷിക്കാനെന്ന് സജി ചെറിയാന്‍

saji cheriyan
 

തിരുവനന്തപുരം: വിവാദ പ്രസംഗത്തിന്റെ പേരില്‍ ആറുമാസം മാറിനിന്നത് സര്‍ക്കാരിന്റെ താല്‍പ്പര്യം സംരക്ഷിക്കാനെന്ന് സജി ചെറിയാന്‍. ഭരണഘടനാവിരുദ്ധമായി താന്‍ ഒന്നും സംസാരിച്ചിട്ടില്ലെന്നും ആറുമാസം പൊലീസ് അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കേസാണെന്നും സജി ചെറിയാന്‍ പറഞ്ഞു. തന്റെ പേരില്‍ രണ്ട് പരാതിയുണ്ടായിരുന്നു. അത് രണ്ടും തീര്‍പ്പായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാളെ വൈകീട്ട് നാലുമണിക്കാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാല്‍ ഭരണഘടനവിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ സ്ഥാനമൊഴിഞ്ഞ സജി ചെറിയാന് ക്‌ളീന്‍ ചിറ്റ് നല്‍കിയ പോലീസ് റിപ്പോര്‍ട്ട് തിരുവല്ല കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ അന്തിമ തീരുമാനം വന്നിട്ടില്ല.

ആറുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നത്. നേരത്തെ വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെയാകും സജി ചെറിയാന് ലഭിക്കുക എന്നാണ് സൂചന.