സത്യപ്രതിജ്ഞ തടയാനാവില്ല; സജി ചെറിയാന്റെ മന്ത്രിസഭാ പ്രവേശനത്തില്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു

saji cheriyan governor
 

തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭാ പ്രവേശനത്തില്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു. സത്യപ്രതിജ്ഞ ഒരുക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. മുഖ്യന്ത്രി പേര് നിര്‍ദ്ദേശിച്ചാല്‍ ഗവര്‍ണര്‍ക്ക് തള്ളാനാകില്ല.

ആവശ്യമെങ്കില്‍ കൂടുതല്‍ വിശദീകരണം തേടാമെന്നും നിയമോപദേശം. അതേസമയം, സ്റ്റാന്റിംഗ് കൗണ്‍സിലിനോടാണ് ഗവര്‍ണര്‍ ഉപദേശം തേടിയത്. 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. സജി ചെറിയാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് മറ്റ് നിയമ തടസങ്ങളില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം എടുത്തത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന സാംസ്‌കാരികം ഫിഷറീസ് യുവജനക്ഷേമ വകുപ്പുകള്‍ തന്നെ സജി ചെറിയാന് കിട്ടും. മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്ക് പുനര്‍ വിന്യസിച്ച  സ്റ്റാഫുകളേയും തിരിച്ച് നല്‍കും.  

ജൂലൈ മൂന്നിനായിരുന്നു ഭരണഘടനയെ വിമര്‍ശിച്ച് സജി ചെറിയാന്റെ  വിവാദ പ്രസംഗം. തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജൂലൈ ആറിന് രാജി.