കൊല്ലം കുംഭാവുരുട്ടിയിൽ മലവെള്ളപ്പാച്ചിൽ; ഒരാൾ മരിച്ചു

One died Kollam Kumbhavurutti waterfall
 

 
കൊല്ലം: കൊല്ലം കുംഭാവുരുട്ടിയിൽ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശിയാണ് മരിച്ചത്. മൃതദേഹം തെങ്കാശി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒഴുക്കിൽപ്പെട്ട മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


ഞായറാഴ്ച വൈകിട്ട് നാലേകാലോടെയായിരുന്നു സംഭവം. വനത്തിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്നാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്നാണ് സൂചന. 

ചെങ്കോട്ട അച്ഛൻ കോവിലിൽ നാലു കിലോമീറ്റർ ഉൾവനത്തിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടമുള്ളത്. തമിഴ്‌നാട്ടിൽ നിന്നുള്ള സഞ്ചാരികൾ കൂടുതലായി എത്തുന്ന ഇവിടെ അവധിദിവസമായ ഇന്ന് നല്ല തെരക്കായിരുന്നു. തമിഴ്‌നാട് സ്വദേശികളടക്കം നിരവധിപേര്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടം കാണുന്നതിന് ഞായറാഴ്ച എത്തിയിരുന്നു. 

വെള്ളച്ചാട്ടത്തില്‍ കുളിച്ചുകൊണ്ടിരുന്നവരാണ് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ പെട്ടത്. രണ്ടുപേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ ഒരാളെ തെങ്കാശിയിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെവെച്ചാണ് മരണം സംഭവിച്ചത്. മറ്റൊരാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ 25-ഓളം പേര്‍ വെള്ളച്ചാട്ടത്തിനു നടുവിലെ പാറക്കെട്ടില്‍ കുടുങ്ങിയിരുന്നു. പിന്നീട് അച്ചന്‍കോവില്‍ റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ഇവരെ വടംകെട്ടി പുറത്തേക്ക് എത്തിക്കുകയായിരുന്നു. വനത്തിനുള്ളില്‍ ഉണ്ടായ ഉരുള്‍പൊട്ടലാണ് മലവെള്ളപ്പാച്ചിലിന് ഇടയാക്കിയതെന്നാണ് സൂചന.

കഴിഞ്ഞ അഞ്ച് വര്‍ഷമായി കുഭാവുരുട്ടി വെള്ളച്ചാട്ടത്തിലേക്ക് ആളുകളെ പ്രവേശിപ്പിച്ചിരുന്നില്ല. പിന്നീട് കഴിഞ്ഞദിവസമാണ് വെള്ളച്ചാട്ടം തുറന്നുനല്‍കിയത്. ഇതോടെ തമിഴ്‌നാട്ടില്‍നിന്ന് നിരവധി പേര്‍ ഇവിടെ എത്തിയിരുന്നു. കഴിഞ്ഞ ദിവസം കുറ്റാലം വെള്ളച്ചാട്ടം അടച്ചതോടെ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തിരുന്നു.
 
അതേസമയം കോട്ടയത്തും പത്തിനംതിട്ടയിലും കനത്തമഴ തുടരുകയാണ്. മേലുകാവിൽ ഉരുൾ പൊട്ടുകയും ടൗൺ വെള്ളത്തിലാവുകയും ചെയ്തു. പത്തനംതിട്ടയില്‍ റാന്നി , സീതത്തോട് , ഗവി , ചിറ്റാർ മേഖലകളിലായി രണ്ട് മണിക്കൂറിലേറെയായി മഴ തുടരുകയാണ്. വെച്ചൂച്ചിറ പഞ്ചായത്തിലെ കുരുമ്പൻമൂഴി, അരയാഞ്ഞിലിമൻകോസ്‍വേകൾ മുങ്ങി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക സാധ്യതാ മേഖലകളിൽ ജില്ലാ ഭരണകൂടം ജാഗ്രത്രാ നിർദേശം പുറപ്പെടുവിച്ചു.