ഭക്ഷ്യവിഷബാധയേറ്റ് നഴ്‌‌സിന്‍റെ മരണം; കോട്ടയത്ത് ഹോട്ടൽ ഉടമ അറസ്റ്റിൽ

ഭക്ഷ്യവിഷബാധയേറ്റ് നഴ്‌‌സിന്‍റെ മരണം; കോട്ടയത്ത് ഹോട്ടൽ ഉടമ അറസ്റ്റിൽ
 

കോട്ടയം: ഭക്ഷ്യവിഷബാധയെ തുടർ‌ന്ന് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ. മലപ്പുറം കുഴിമന്തിയെന്ന ഹോട്ടലിന്റെ ഉടമയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അൽഫാം കഴിച്ചതിനു പിന്നാലെ ചികിത്സയിലായ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സ് രശ്മി രാജ് (33) ഈ മാസം രണ്ടിനാണ് മരിച്ചത്.

  
ജനുവരി രണ്ടിനാണ് തിരുവാർപ്പ് പത്തിപ്പാറ വീട്ടിൽ രാജു അംബിക ദമ്പതിമാരുടെ മകളും തിരുവനന്തപുരം സ്വദേശിയായ വിനോദ് കുമാറിന്റെ ഭാര്യയുമായ രശ്മി രാജ് ആണ്ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ രശ്മി മരിച്ചത് അണുബാധയെ തുടർന്നാണ് എന്നു കണ്ടെത്തിയിരുന്നു.

ഇതേ തുടർന്നു പൊലീസ് പ്രാഥമിക അന്വേഷണം നടത്തി ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നു കണ്ടെത്തി. മരിച്ച രശ്മിയുടെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേയ്ക്ക് അയച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ ഹോട്ടൽ ഉടയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നഴ്‌സ് മരിച്ചതിന് പിന്നാലെ എട്ടോളം പേർ ഭക്ഷ്യവിഷ ബാധയേറ്റ് കോട്ടയം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തി ഹോട്ടൽ ഉടമയെ കസ്റ്റഡിയിൽ എടുത്തിരുന്നത്.
 
യുവതി മരിച്ച സംഭവത്തിൽ ഹോട്ടൽ പാർക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തിരുന്നു. ബോർഡുകൾ, ചെടിച്ചട്ടികൾ എന്നിവ തകർത്ത പ്രവർത്തകരെ പൊലീസ് ഇടപെട്ടാണു പിന്തിരിപ്പിച്ചത്.