'പിരിച്ചുവിടാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കണം'; ബലാത്സംഗക്കേസ് പ്രതി സി.ഐ സുനു നാളെ നേരിട്ട് ഹാജരാകണമെന്ന് ഡി.ജി.പി

Police started actions to suspend PR Sunu
 

തിരുവനന്തപുരം: തൃക്കാക്കരയിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ സുനുവിനോട് നാളെ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഡി.ജി.പി അനിൽ കാന്ത്. 11 മണിക്ക് പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിൽ എത്തണമെന്നാണ് ഡി.ജി.പിയുടെ നിർദേശം.


ദളിത് യുവതിയെ ബലാൽസംഗം ചെയ്ത കേസ് ഉള്‍പ്പെടെ 15 പ്രാവശ്യം അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് പി ആർ സുനു. പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാനായി നേരത്തെ ഡിജിപി നോട്ടീസ് നൽകിയിരുന്നു. നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.  ട്രിബ്യൂണൽ ഈ കേസ് പരിഗണിക്കുകയും സുനുവിനോട് വിശദീകരണം തേടുകയും 31ാം തിയതിക്കകം മറുപടി നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

അഡ്മിനിസ്‌ട്രേഷൻ ട്രിബ്യൂണലിന് വിശദീകരണം നൽകിയതിന് തൊട്ടുപിന്നാലെയാണ് സുനുവിനോട് ഡി.ജി.പി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. സുനുവിനെ സർവീസിൽ നിന്നും ഉടൻ പിരിച്ചുവിട്ടേക്കുമെന്ന സൂചനയാണ് പൊലീസ് ആസ്ഥാനത്ത് നിന്നും ലഭിക്കുന്നത്.