തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നാളെ പിജി ഡോക്ടര്‍മാരുടെ സമരം. മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് സമരം നടത്തുക. അതേസമയം, അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ സമരം ബാധിക്കില്ല.
ന്യൂറോ സര്‍ജറി വിഭാഗത്തിലെ റെസിഡന്റ് വനിതാ ഡോക്ടറെയാണ് രോഗിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചത്. രോഗി മരിച്ച വിവരം അറിയിച്ചപ്പോഴായിരുന്നു മര്‍ദ്ദനം. ഡോക്ടറുടെ പരാതിയില്‍ കൊല്ലം സ്വദേശി സെന്തില്‍ കുമാറിനെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു.
Comments