'ക്രിക്കറ്റ് എല്ലാവർക്കുമുള്ളത്, പാവപ്പെട്ടവനും പണക്കാരനും എന്ന വ്യത്യാസമില്ല'; കായിക മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ക്രിക്കറ്റ് കളി എല്ലാവർക്കും ഉള്ളതാണെന്ന് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള നികുതി കുറക്കാനാകില്ലെന്നും പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ടതില്ലെന്നുമുള്ള മന്ത്രി വി. അബ്ദുറഹ്മാന്റെ പരാമർശത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
കളി കാണുന്നതിൽ പാവപ്പെട്ടവനും പണക്കാരനും എന്ന വ്യത്യാസമില്ല. പാവപ്പെട്ടവരെ കളികാണാൻ അവസരം ഉണ്ടാക്കിക്കൊടുക്കലാണ് സർക്കാർ ചെയ്യേണ്ടത്. മന്ത്രി ഏത് സാഹചര്യത്തിൽ അങ്ങനെ പറഞ്ഞതായാലും ശരിയായില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതി കുത്തനെ ഉയർത്തിയതിനെ കായിക മന്ത്രി വി. അബ്ദുറഹ്മാൻ ന്യായീകരിച്ചത്. നികുതി കുറക്കാനാകില്ലെന്നും പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ടതില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 15നാണ് ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം നടക്കുന്നത്.