പൊതു മേഖലാ സ്ഥാപനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം 5570.55 കോടി രൂപയുടെ വിറ്റുവരവു ലക്ഷ്യമിടുന്നു; മന്ത്രി പി.രാജീവ്

bn
കൊച്ചി: വ്യവസായ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതും റിയാബിന്റെ മേല്‍നോട്ടത്തിലുള്ളതുമായ 41 സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ ബഡ്ജറ്റിന് ഇന്ന് അന്തിമ രൂപം നല്‍കുകയുണ്ടായി.വിപുലീകരണവും വൈവിധ്യവല്‍ക്കരണവും വഴി സംസ്ഥാനത്തിന്റെ വ്യാവസായിക പുരോഗതിക്കാവശ്യമായ വികാസനോന്മുഖവും നൂതനവുമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് സമയബന്ധിതമായി നടപ്പിലാക്കുന്നതിനു മുന്‍ഗണന നല്‍കിയാണ് എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും അവയുടെ ബഡ്ജറ്റ്  തയ്യാറാക്കിയിട്ടുള്ളത്.

2022-23 വര്‍ഷത്തെ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 41 പൊതുമേഖലാസ്ഥാപനങ്ങളിലുമായി 5570.55 കോടി രൂപയുടെ വിറ്റുവരവും 503.57 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവുമാണ് ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി. പി. രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ചുരുങ്ങിയത് 30  പൊതുമേഖലാസ്ഥാപനങ്ങളെങ്കിലും പ്രവര്‍ത്തനലാഭത്തില്‍ എത്തിക്കുന്നതിനുള്ള തീവ്രശ്രമം നടത്തുന്നതായിരിക്കും.  വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ്, റിയാബ് ചെയര്‍മാന്‍ ഡോ.ആര്‍ അശോക്, റിയാബ് സെക്രട്ടറി കെ. പദ്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭം നേടിയ 21 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനലാഭ ശതമാനം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം അവക്കുപരിയായി ഈ വര്‍ഷം ലാഭത്തിലെത്തിക്കാനുദ്ദേശിക്കുന്ന 9 സ്ഥാപനങ്ങളെ പ്രത്യേക നിരീക്ഷണത്തിലും ഇടപെടലിലും പ്രോത്സാഹനത്തിലും കൂടി ലക്ഷ്യപ്രാപ്തി നേടാന്‍ സഹായിക്കുന്ന വിധത്തില്‍ റിയാബിന്റെ ചുമതലയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2021-22 സാമ്പത്തിക വര്‍ഷം വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള മേല്‍പ്പറഞ്ഞ 41 പൊതുമേഖലാസ്ഥാപങ്ങളുടെ വിറ്റുവരവ് 4053.80 കോടി രൂപയും പ്രവര്‍ത്തന ലാഭം 391.66 കോടി രൂപയുമാണ്. 2020-21 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വിറ്റുവരവില്‍ 732.43 കോടി രൂപയുടെയും പ്രവര്‍ത്തനലാഭത്തില്‍ 280.36 കോടി രൂപയുടെയും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്, കെല്‍ട്രോണ്‍, കെല്‍ട്രോണ്‍ കംപോണന്റ് കോപ്ലക്‌സ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ സര്‍വ്വകാല റെക്കോര്‍ഡ് വിറ്റുവരവും, പ്രവര്‍ത്തനലാഭവും കൈവരിച്ചു. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡും ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്‌സ് ലിമിറ്റഡും എക്കാലത്തേയും മികച്ച വിറ്റുവരവ് നേടി.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പൊതുമേഖലാസ്ഥാപനങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള പൊതുമേഖലാസ്ഥാപനങ്ങളെ കെമിക്കല്‍, ഇലക്ട്രിക്കല്‍, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ്, സെറാമിക്‌സ്, ടെക്‌സ്‌റ്റൈല്‍, ട്രഡീഷണല്‍ വുഡ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നിങ്ങനെ 7 വിഭാഗങ്ങളായി തിരിച്ച് ഓരോ സ്ഥാപനത്തിന്റെയും ഉല്‍പ്പാദനപ്രക്രിയാ സംവിധാനങ്ങളുടെയും സാങ്കേതിക വിദ്യയുടെയും നവീകരണം, വിപണന സാധ്യതയുള്ള ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം എന്നിവക്ക് പ്രാമുഖ്യം നല്‍കി മാസ്റ്റര്‍ പ്ലാനിന്റെ രൂപരേഖ തയ്യാറാക്കുകയുണ്ടായി.

എല്ലാ പൊതുമേഖലാസ്ഥാപനങ്ങളിലുമായി 2659.30 കോടി രൂപയുടെ 175 ഹ്രസ്വകാല പദ്ധതികളും, 2833.32 കോടി രൂപയുടെ 131 മധ്യകാല പദ്ധതികളും 3974.73 കോടി രൂപയുടെ 99 ദീര്‍ഘകാല പദ്ധതികളുമാണ് മാസ്റ്റര്‍ പ്ലാന്‍ പ്രകാരം തയ്യാറാക്കിയിരിക്കുന്നത്. അതായത് മാസ്റ്റര്‍ പ്ലാനില്‍ 9467.35 കോടി രൂപയുടെ 405 പദ്ധതികളാണ് മൊത്തത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സ്ഥാപനങ്ങള്‍ക്ക് പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനുമായി നിയമിക്കപ്പെട്ട അഡൈ്വസറുടെ (Master Plan) നേതൃത്വത്തില്‍ റിയാബിന്റെ ചുമതലയില്‍ ഒരു Project Management Unit  (PMU) കൊച്ചിയില്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി 18 സെക്ടറല്‍ എക്‌സ്‌പെര്‍ട്ടുകളെ (കണ്‍സള്‍ട്ടന്റ്-പ്രോജക്ട് എക്‌സിക്യൂട്ടീവ്-7, കണ്‍സല്‍ട്ടന്റ്-ടെക്‌നിക്കല്‍-7, കണ്‍സല്‍ട്ടന്റ്-ഫിനാന്‍സ്-4) എന്നിവരെ ഉടന്‍ തന്നെ  നിയമിക്കുന്നതാണ്.

സെക്ടര്‍ അടിസ്ഥാനത്തിലുള്ള ബഡ്ജറ്റ് (2022-23) ചുവടെ ചേര്‍ക്കുന്നു.

ക്രമ നമ്പര്‍ സെക്ടര്‍ ബഡ്ജറ്റ്
മൊത്തം വരുമാനം
(രൂപ കോടിയില്‍)
1 കെമിക്കല്‍ 2400.58
2 ഇലക്ട്രിക്കല്‍ 743.70
3 എഞ്ചിനീയറിംഗ് 397.95
4 ഇലക്ട്രോണിക്‌സ് 711.83
5 സെറാമിക്‌സ് 112.97
6 ടെക്‌സ്‌റ്റൈല്‍ 571.21
7 ട്രഡീഷണല്‍, വുഡ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ 632.31
  ആകെ 5570.55