പിവി അൻവര്‍ എംഎൽഎ വീണ്ടും ഇഡിക്ക് മുന്നിൽ; ചോദ്യം ചെയ്യൽ മൂന്നാം ദിവസം

pv anwar
കൊച്ചി: കര്‍ണാടക ക്വാറി ഇടപാട് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി പിവി അൻവര്‍ എംഎൽഎ വീണ്ടും ഇഡിക്ക് മുന്നിൽ ഹാജരായി. മൂന്നാം വട്ടമാണ് അൻവര്‍ ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവുന്നത്. എന്നാൽ കർണാടക കേസ് മാത്രമല്ല അന്വേഷണ പരിധിയിൽ എന്നാണ് വിവരം. പിവി അൻവറിന് മറ്റു കള്ളപ്പണ ഇടപാടുകൾ ഉണ്ടോ എന്നും പരിശോധിക്കുന്നതായാണ് വിവരം. 

ക്വാറിയിൽ ഷെയർ വാഗ്ദാനം ചെയ്ത്  50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് വ്യവസായിയും മലപ്പുറം സ്വദേശിയുമായ സലീം ഇഡിയ്ക്ക് മൊഴി നൽകിയിരുന്നു. ഇതടക്കമുള്ള നിരവധി പരാതികളാണ് ഇഡി പരിശോധിക്കുന്നത്. കര്‍ണാടക ക്വാറി ഇടപാടിലാണ് അന്വേഷണം തുടങ്ങിയതെങ്കിലും പിവി അൻവറിന്‍റെ പത്ത് വർഷത്തെ സാമ്പത്തിക ഇടപാടുകൾ ഇ‍ഡി പരിശോധിച്ചു വരികയാണെന്നാണ് വിവരം. മലപ്പുറത്തടക്കം ഭൂമി വാങ്ങിയതും, വിദേശ ബിസിനസിലെ കള്ളപ്പണ ഇടപാടും അന്വേഷണ പരിധിയിലുണ്ട്.

എന്നാൽ, മാധ്യമങ്ങളുടെ ധാരണ തന്നെ ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്നും അക്കാര്യത്തിൽ കുറച്ച് ദിവസത്തിൽ വ്യക്തത വരുമെന്നും പി വി അൻവർ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചിരുന്നു.