'ആസാദ് കശ്മീർ' പരാമർശം: ജലീലിനെതിരായ ഹര്‍ജി നാളെ ഡല്‍ഹി കോടതിയില്‍

jaleel
 

ന്യൂഡല്‍ഹി: 'ആസാദ് കശ്മീർ' പരാമർശത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി നാളെ ഡല്‍ഹി കോടതി പരിഗണിക്കും. അഭിഭാഷകന്‍ ജി എസ് മണിയാണ് ഹര്‍ജി നല്‍കിയത്. ഇന്ത്യ അധീന കാശ്മീർ, ആസാദ് കാശ്മീർ തുടങ്ങിയ പരാമർശങ്ങളോട് കൂടിയ ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. 

ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നും ഹര്‍ജിയില്‍ ഹര്‍ജിക്കാരന്‍ വിശദീകരിച്ചിട്ടുണ്ട്. 

വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ കെ ടി ജലീലിനെതിരെ പത്തനംതിട്ട കീഴ്വായ്പ്പൂർ പൊലീസ് കേസെടുത്തിരുന്നു. കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് കേസിൽ കെ ടി ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

ഇന്ത്യൻ ശിക്ഷാ നിയമം 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നിവയാണ് വകുപ്പുകൾ. തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർദ വളർത്താൻ ശ്രമിച്ചെന്നുമാണ് എഫ്ഐആ‌ർ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീൽ ഭരണഘടനയെ അപമാനിക്കാൻ ശ്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു.