രാജ്ഭവനെ രാഷ്ട്രീയ ഉപജാപക കേന്ദ്രമാക്കി മാറ്റി; ഗവർണറെ രൂക്ഷഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി

pinarayi vijayan
 

തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ് ഭവനിലെ വാർത്താ സമ്മേളനം അസാധാരണമാണ്. സാധാരണ ഗവർണർ നിന്നു കൊണ്ട് പറയുന്നത് ഇരുന്നു കൊണ്ട് പറഞ്ഞു എന്ന വ്യത്യാസമേയുള്ളൂ. ഇർഫാൻ ഹബീബിനെ ഗുണ്ട എന്നും ഗോപിനാഥ് രവീന്ദ്രനെ ക്രിമിനൽ എന്നുമാണ് ​ഗവർണർ വിളിച്ചത്. ആർ.എസ്.എസിൻ്റെ വെറുക്കപ്പെട്ടവരുടെ പട്ടികയിലാണ് ഇരുവരും. അതുകൊണ്ടാണ് അവർക്കെതിരെ ​ഗവർണർ ആക്രമണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

എല്ലാ ഘട്ടങ്ങളിലും അഭിപ്രായം തുറന്നു പറയാൻ ഇർഫാൻ ഹബീബ് മുന്നോട്ട് വന്നിട്ടുണ്ട്. ഐ.സി.എച്ച്.ആറിലെ കാവി വൽക്കരണത്തിൽ പ്രതിഷേധിച്ചാണ് ഗോപിനാഥ് രവീന്ദ്രൻ രാജി വച്ചത്. മന്ത്രിസഭയുടെ ശുപാർശയും നിർദേശവും അടിസ്ഥാനമാക്കി വേണം ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണർ ഒപ്പിടുന്ന കാര്യങ്ങൾക്ക് ഉത്തരവാദിത്വം സർക്കാരിനാണ്.
 
മന്ത്രിസഭയുടെ തീരുമാനം നിരസിക്കാൻ ഗവർണർക്ക് ഒരു അവകാശവുമില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിൽ ഇടപെടാത്ത ആളാകണം ഗവർണർ എന്നാണ് സർക്കാരിയ കമ്മിഷൻ പറഞ്ഞിട്ടുള്ളത്. ഇതെല്ലാം കാറ്റിൽ പറത്തുന്ന അനുഭവം ഭീകരമാണ്.

​ഗവർണർ വാർത്താ സമ്മേളനത്തിൽ വാൽസല്യം ചൊരിഞ്ഞത് ആർ.എസ്.എസിനാണ്. ഇതു ശരിയാണോ എന്ന് അദ്ദേഹം പരിശോധിക്കണം. രാജ് ഭവനെ രാഷ്ട്രീയ ഉപജാപക കേന്ദ്രമാക്കുകയാണ് ​ഗവർണർ. രാഷ്ട്രീയ കൊലപാതകങ്ങളിൽ വേവലാതി കൊള്ളുന്ന ഗവർണർ ഒരറ്റത്ത് എപ്പോഴുമുള്ള ആർ.എസ്.എസിനെ പ്രകീർത്തിക്കുകയാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിൽ ഒതുക്കാനാണ് ആർ.എസ്.എസ് ശ്രമം. ഗവർണർമാരെ ഉപയോഗിച്ച് സംഘപരിവാർ ബന്ധമുള്ളവരെ വി.സിയാക്കാനാണ് നോക്കുന്നത്. കേരള സർവകലാശാലയിൽ ഏകപക്ഷീയമായി വി.സിയെ നിയമിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പിൻ സീറ്റ് ഡ്രൈവിനാണ് ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.

1986 മുതൽ തന്നെ തനിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്നാണ് ഗവർണർ പറഞ്ഞത്. 1990 ൽ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിയായിരുന്ന വി.പി സിങ് സർക്കാരിനെ താഴെയിറക്കിയത് ബിജെപിയും കോൺഗ്രസും ചേർന്നാണ്. മണ്ഡൽ കമ്മീഷൻ അടക്കം ഉയർത്തിയാണ് ആർഎസ്എസ് വി.പി സിങ് സർക്കാരിനെ അട്ടിമറിച്ചത്. താൻ മന്ത്രിയായിരിക്കുന്ന സർക്കാരിനെ വലിച്ച് താഴെയിട്ട ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തിയ വ്യക്തിയാണ് അദ്ദേഹം എന്നല്ലേ ഇതിലൂടെ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.