നടിയെ ആക്രമിച്ച കേസ്: മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അപേക്ഷ

ശ്രീലേഖ
 

തിരുവനന്തപുരം: ആർ. ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അപേക്ഷ. നിയമ വിദ്യാർഥി ഷെർളിയാണ് എ ജിക്ക് അപേക്ഷ നൽകിയത്. നടിയെ അക്രമിച്ച കേസിൽ മുൻ ജയിൽ ഡിജിപി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമെന്ന് പരാതിയിൽ പറയുന്നു. ദിലീപ് കേസിൽ പ്രതിയല്ലന്നായിരുന്നു ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്.

നടിയെ അക്രമിച്ച കേസിൽ ഗുരുതര വെളിപ്പെടുത്തലായിരുന്നു ആർ. ശ്രീലേഖ നടത്തിയത്. കേസിലെ പ്രതിയായ പൾസർ സുനിയെ കുറിച്ചാണ് ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ. പൾസർ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലിൽ ചിത്രങ്ങൾ പകർത്തി അവരെ ബ്ലാക്‌മെയിൽ ചെയ്തിട്ടുണ്ടെന്നായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തൽ.

ദിലീപിന് പങ്കുണ്ടെന്ന് താൻ ആദ്യം കരുതിയെന്നും പൾസർ സുനി ക്വട്ടേഷൻ എടുത്തിരുന്നെങ്കിൽ ആദ്യമേ അത് തുറന്നുപറയാനുള്ള സാഹചര്യമായിരുന്നെന്നും ആർ ശ്രീലേഖ പറഞ്ഞിരുന്നു.

ദിലീപിനെതിരെ പോലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുൻ ജയിൽ മേധാവി ചോദ്യം ചെയ്തു. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലോകേഷനിൽ വന്നിരുന്നുവെന്നത് വിശ്വാസ്യ യോഗ്യമല്ലെന്നും ശ്രീലേഖ പറഞ്ഞു.