പ്ലസ് ടു കോഴക്കേസ്: കെ.എം.ഷാജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: പ്ലസ് ടൂ കോഴക്കേസില്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന സെക്രട്ടറി കെ.എം.ഷാജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അടുത്ത ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്.
കണ്ണൂര്‍ ജില്ലയിലെ അഴീക്കോടുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതിയ പ്ലസ്ടൂ ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ മാനേജ്മെന്റില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കെ.എം.ഷാജിക്കെതിരെയുള്ള ആരോപണം. സ്കൂളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് വിജിലന്‍സ് മൊഴിയെടുത്തിരുന്നു.
കേസിൽ വിജിലിൻസിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ച് കേസിലെ വിജിലൻസിന്റെ തുടർ നടപടികൾക്ക് സ്റ്റേ ഏർപ്പെടുത്തിയത്. കേസിൽ ഹൈക്കോടതി എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്. കഴിഞ്ഞ ദിവസം അഴീക്കോട്ടെ സ്കൂളിലെത്തി വിജിലൻസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
ഒരു വർഷത്തോളമായി അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്കൂളിലെത്തി തെളിവെടുത്തത്. സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവരിൽനിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. 2020ൽ രജിസ്റ്റർ ചെയ്ത അഴിമതി കേസിൽ അന്വേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കുകയാണ്.