ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമം; എഎസ്ഐക്ക് സസ്പെൻഷൻ, പോക്സോ കേസ്

Pocso Case Against Ambalavayal ASI
 

കൽപറ്റ: വയനാട് അമ്പലവയലില്‍ പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എ.എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍. അമ്പലവയല്‍ ഗ്രേഡ് എ.എസ്.ഐ. ടി.ജി. ബാബുവിനെയാണ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്. ഇയാള്‍ക്കെതിരെ  പോക്സോ കേസ് ചുമത്തി.

പതിനാറുകാരിയായ യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ ഡി.ഐ.ജി. രാഹുല്‍ ആര്‍. നായരാണ് നടപടിയെടുത്തത്. സംഘത്തിലുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടര്‍, സി.പി.ഒ. എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ടാകും.

ഊട്ടിയില്‍ തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോൾ ഇയാൾ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങുമ്പോഴാണ് ഇരക്കുനേരെ കയ്യേറ്റം നടന്നത്.

കഴിഞ്ഞ മാസം 26നാണ് സംഭവം. സമൂഹമാധ്യമത്തിൽ പരിചയപ്പെട്ട യുവാക്കൾ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഊട്ടിയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പിനായി അവിടേയ്ക്കു കൊണ്ടുപോയത്. എഎസ്‌ഐ ബാബുവിനൊപ്പം എസ്ഐ സോബിനും ഒരു വനിതാ ഉദ്യോഗസ്ഥയുമുണ്ടായിരുന്നു. ഒരു ലോഡ്‌ജിൽ തെളിവെടുപ്പിനു ശേഷം തിരികെ വരുമ്പോൾ പെൺകുട്ടിയെ എഎസ്ഐ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ഗ്രേഡ് എ.എസ്.ഐ. ടി.ജി. ബാബു പെണ്‍കുട്ടിയെ മാറ്റിനിര്‍ത്തി കയ്യില്‍ക്കയറി പിടിക്കുകയും മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി. ഷെല്‍ട്ടര്‍ ഹോമിലെ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.

സിഡബ്ല്യുസി വഴിയാണ് പെൺകുട്ടി എഎസ്ഐക്കെതിരെ പൊലീസിൽ പരാതി നൽകിയത്. പിന്നീ‍ട് എസ‌്‌പി ഇടപെട്ട് സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുകയായിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
 
പോക്സോ വകുപ്പ് പ്രകാരം അമ്പലവയല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപം നടന്നതായാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ സ്പെഷ്യല്‍ബ്രാഞ്ച് ഡി.വൈ.എസ്.പി.യെ ചുമതലപ്പെടുത്തി.