മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവിക സേന പരിശീലനത്തിന് ഉപയോഗിച്ച തോക്കുകൾ ഹാജരാക്കാൻ നിർദേശം

Police asked navy to hand over riffles used for training
 


കൊച്ചി: കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നാവിക സേന പരിശീലനത്തിന് ഉപയോഗിച്ച തോക്കുകൾ ഹാജരാക്കാൻ നിർദ്ദേശം. തോക്കുകൾ തിരുവനന്തപുരത്തെ ഫോറൻസിക്ക് ലാബിൽ അയച്ച് ടെസ്റ്റ് ഫയറിംഗ് നടത്താനാണ് പൊലീസ് തീരുമാനം.

അഞ്ച് തരം തോക്കുകൾ പരിശീലനത്തിനായി ഉപയോഗിച്ചുവെന്നാണ് ഇപ്പോഴത്തെ നിഗമനം. നാവിക സേന പരിശീലനം നടന്ന സമയം, ഉപയോഗിച്ച തോക്കുകൾ എന്നിവയുടെ ലിസ്റ്റ് പൊലീസ് ചോദിച്ചിട്ടുണ്ട്. ഈ  തോക്കുകൾ ഹാജരാക്കാനാണ് പൊലീസ് നിർദ്ദേശം.

നാവിക സേനയുടെ ഷൂട്ടിംഗ് റെയ്ഞ്ചിന് സമീപമുള്ള സ്ഥലമായതിനാൽ നേവി തന്നെയാണ് വെടിവെച്ചതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ബാലിസ്റ്റിക് വിദഗ്ദ്ധരുടെ സഹായത്തോടെ ഷൂട്ടിംഗ് റെയിഞ്ചിലും കടലിലും പരിശോധന നടത്തിയിരുന്നു. ഏത് ഇനം തോക്കിൽ നിന്നാണ് വെടിവെപ്പുണ്ടായത്. വെടിയുണ്ട ഏത് വിഭാഗത്തിൽ പെട്ടതാണ്. എത്ര ദൂരം സഞ്ചരിക്കാൻ ശേഷിയുള്ളതാണ് തുടങ്ങി കാര്യങ്ങളാണ് ബാലിസ്റ്റിക്ക് വിദഗ്ദ്ധർ പരിശോധിച്ചത്. 

അതേസമയം, മത്സ്യത്തൊഴിലാളി സെബാസ്റ്റ്യന്‍റെ ശരീരത്തിൽ കൊണ്ടത് സൈന്യം ഉപയോഗിക്കുന്ന ബുള്ളറ്റല്ലെന്നാണ് നേവിയുടെ വിശദീകരണം.