സ്വകാര്യ ഫോട്ടോകളും വിഡിയോകളും ഷാരോണിന്റെ ഫോണിലുണ്ടായിരുന്നു;ഇത് ഷാരോൺ ഡിലീറ്റ് ചെയ്തില്ല;വിഷക്കുപ്പി പറമ്പിൽ എറിഞ്ഞു

sharon
 

തിരുവനന്തപുരം: ഷാരോൺ രാജ് സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന സൂചന നൽകി പൊലീസ്. ഗ്രീഷ്‌മയുടെ അച്ഛനും അമ്മയും അമ്മയുടെ സഹോദരനും അമ്മയുടെ സഹോദരന്റെ മകളും കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

പ്രണയത്തിലായിരുന്നപ്പോൾ കൈമാറിയ ഫോട്ടോകളും വിഡിയോകളും ഷാരോണിന്റെ ഫോണിലുണ്ടായിരുന്നതായി ഗ്രീഷ്മ പറയുന്നു. ഇത് പ്രതിശ്രുത വരനു കൈമാറുമോയെന്ന് ഗ്രീഷ്മ ഭയന്നു. വിഡിയോകളും ഫോട്ടോകളും ഡിലീറ്റ് ചെയ്യാൻ പലതവണ അഭ്യർഥിച്ചിട്ടും അങ്ങനെ ചെയ്യാതെ വന്നതോടെ വൈരാഗ്യം ഉണ്ടായതായാണ് ഗ്രീഷ്മ പൊലീസിനോടു പറഞ്ഞത്.  കോളജ് യാത്രയ്ക്കിടെയിലാണ് ഇരുവരും പ്രണയത്തിലായത്. മറ്റൊരു ചെറുപ്പക്കാരന്റെ വിവാഹ ആലോചന വന്നതോടെ ഗ്രീഷ്മ ഷാരോണിൽനിന്ന് അകലാൻ ശ്രമിച്ചു.വ്യത്യസ്ത ജാതിയിലുള്ളവരായതിനാൽ വീട്ടുകാർ സമ്മതിക്കില്ലെന്നും പിരിയാമെന്നും ഗ്രീഷ്മ പറഞ്ഞെങ്കിലും ഷാരോൺ തയാറായില്ല.തുടർന്നാണ് വിഷം നൽകാൻ പദ്ധതിയിട്ടത്. സംശയം തോന്നാതിരിക്കാൻ ഷാരോണിനോട് കൂടുതൽ അടുക്കുകയും ചെയ്തു.

ഗ്രീഷ്മയുടെ അമ്മയുടെയും അച്ഛന്റെയും ബന്ധുക്കളുടെയും മൊഴികളിൽ വൈരുധ്യമുണ്ടെന്നു പൊലീസ് പറയുന്നു. വിഷക്കുപ്പി പറമ്പിൽ എറിഞ്ഞതായും അത് പിന്നീട് അമ്മാവൻ എടുത്തു കൊണ്ട് പോയതായും ഗ്രീഷ്മ മൊഴിയിൽ പറയുന്നുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യ ഘട്ട തെളിവെടുപ്പ് നടത്തിയേക്കും