നിർമ്മാതാവും നടനുമായ വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

xx

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ നിർമ്മാതാവും നടനുമായ വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ജാമ്യാപേക്ഷ വേനൽ അവധിക്ക് ശേഷം പരിഗണിക്കാമെന്ന് ഹൈകോടതി വ്യക്തമാക്കി. ഇന്ന് രാവിലെയാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപ്പിച്ചത്.

പീഡനപരാതി കെട്ടിചമച്ചതാണെന്നും ബ്ലാക്ക് മെയിലിങ് ലക്ഷ്യമിട്ടാണ് പരാതി നൽകിയതെന്നും വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. താൻ ഏതെങ്കിലും തരത്തിൽ ബലാത്കാരമായി നടിയെ പീഡിപ്പിച്ചിട്ടില്ല. തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരാതി. സംഭവത്തിൻറെ സത്യാവസ്ഥ കോടതിയെയും അന്വേഷണസംഘത്തെയും ബോധ്യപ്പെടുത്താൻ സാധിക്കുമെന്നും ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു.

സമൂഹത്തിലെ ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരെ മീടു ആരോപണങ്ങളിൽ കുടുക്കുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. നിരപരാധിത്വം തെളിയിക്കാൻ സഹായിക്കുന്ന വാട്സാപ്പ് ചാറ്റുകൾ, മെസേജുകൾ, വീഡിയോകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ തൻറെ കൈവശമുണ്ട്. അന്വേഷണവുമായി സഹകരിക്കാമെന്നും തന്നെ പൊലീസ് കസ്റ്റഡിയിൽ വിടേണ്ട ആവശ്യമില്ലെന്നും ജാമ്യാപേക്ഷയിൽ വിജയ് ബാബു പറയുന്നു.