സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഉത്പാദനം നിരോധിച്ചു

ff
 

സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം നിരോധിച്ചു.ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിട്ടതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എഫ് എസ് എസ് എ ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കില്‍ പച്ചമുട്ട ഉപയോഗിച്ചു കൊണ്ടുണ്ടാക്കിയ മയോണൈസ് ഏറെ അപകടമാണെന്ന് കണ്ടെത്തിയിരുന്നു. ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തില്‍ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഒഴിവാക്കുന്നതിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

മയോണൈസ് ഉപയോഗിച്ചുള്ള പലതരം ഭക്ഷണം കഴിച്ചവരില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായതായി പല പരാതികളും ഉയര്‍ന്നിരുന്നു. സാന്‍ഡ്വിച്ചുകളിലും ഷവര്‍മകളിലും സാധാരണയായി ക്രീം സോസ് അല്ലെങ്കില്‍ ഡ്രസിംഗ് ആയി മയോണൈസ് ഉപയോഗിക്കുന്നുണ്ട്. ശരിയായ രീതിയില്‍ പാസ്ചറൈസ് ചെയ്യാതെ മയോണൈസ് ഉണ്ടാക്കി സൂക്ഷിച്ചാല്‍ സാല്‍മൊണെല്ല ബാക്ടീരിയ പെരുകാനും രോഗബാധയുണ്ടാകാനും സാധ്യതയുണ്ട്.