പുറ്റടി ദമ്പതികളുടെ ആത്മഹത്യ; പമ്പിൽ നിന്ന് പെട്രോൾ വാങ്ങി, പൊലീസിന് നിർണായക വിവരം ലഭിച്ചു

d
 

ഇടുക്കി: പുറ്റടിയിൽ ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട്  പൊലീസിന് നിർണായക വിവരം ലഭിച്ചു. തീ കൊളുത്താൻ പെട്രോള്‍ ഉപയോഗിച്ചതായും അണക്കരയിലെ പമ്പിൽ നിന്നാണ് പെട്രോൾ വാങ്ങിയതെന്നും പൊലീസ് പറഞ്ഞു. അണക്കരയിലെ പമ്പിൽ നിന്നും പെട്രോൾ വാങ്ങുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മണ്ണെണ്ണക്കൊപ്പം പെട്രോളും തീ കൊളുത്താന്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്‍റെ നിഗമനം.

തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് പുറ്റടി ഇലവനാത്തൊടുകയില്‍ രവീന്ദ്രന്‍, ഭാര്യ ഉഷ എന്നിവരെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വളരെ ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ മകള്‍ ശ്രീധന്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം വീടിന് തീപിടിച്ചതാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പൊലീസിന്‍റെ അന്വേഷണത്തില്‍ രവീന്ദ്രന്‍ വാട്‌സാപ്പില്‍ പങ്കുവെച്ച ആത്മഹത്യാക്കുറിപ്പടക്കം കണ്ടെത്തുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളും സാമ്പത്തിക ബാധ്യതകളുമാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.