ഫിലോമിനയുടെ വീട് സന്ദർശിച്ച് മന്ത്രി ആ‍ർ. ബിന്ദു; കടുത്ത അതൃപ്തി അറിയിച്ച് കുടുംബം

c
 

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വിവാദത്തിന് പിന്നാലെ, കഴിഞ്ഞ ദിവസം മരണപ്പെട്ട ഫിലോമിനയുടെ വീട് സന്ദർശിച്ച് മന്ത്രി ആർ. ബിന്ദു. ഞായറാഴ്ച വൈകുന്നേരത്തോടെ എത്തിയ മന്ത്രി അരമണിക്കോറോളം വീട്ടിൽ ചെലവഴിച്ചു. മരിച്ച ഫിലോമിനയുടെ ബന്ധുക്കളെ മന്ത്രി കണ്ടു.

ഫിലോമിനയുടെ ചികിത്സയ്ക്ക് പണം നൽകിയിരുന്നെന്ന മന്ത്രിയുടെ പ്രസ്ഥാവനയിൽ കുടുംബം അതൃപ്തി അറിയിച്ചു. മന്ത്രി ഖേദം പ്രകടിപ്പിച്ചതായും ബാക്കി തുകയുടെ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധിയല്‍പ്പെടുത്തിയെന്നും മന്ത്രി അറിയിച്ചതായി ഫിലോമിനയുടെ മകൻ ഡിനോ അറിയിച്ചു.

മരിച്ച ഫിലോമിനയുടെ മൃതദേഹം ബാങ്കിന് മുന്നില്‍വെച്ച് പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മന്ത്രി പ്രതികരണം നടത്തിയിരുന്നു. കുടുംബത്തിന് ആവശ്യത്തിന് പണം നൽകിയിട്ടുണ്ടെന്നും മന്ത്രി അന്ന് പറഞ്ഞിരുന്നു. എന്നാൽ അത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ഫിലോമിനയുടെ വീട് സന്ദർശിക്കാനെത്തിയത്.
  

ഫിലോമിനയുടെ കുടുംബവുമായി സംസാരിച്ച ശേഷം പുറത്തേക്കുവന്ന മന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. എല്ലാം വീട്ടുകാരോട് പറഞ്ഞിട്ടുണ്ടെന്ന് മാത്രമാണ് മന്ത്രി പ്രതികരിച്ചത്. മറ്റ്ചോദ്യങ്ങളില്‍ നിന്നും മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. ഖേദ പ്രകടനം നടത്തിയോ എന്ന ചോദ്യത്തിനും മന്ത്രി മറുപടി നൽകിയില്ല. വി.എന്‍.വാസവന്‍, എം.എം. വര്‍ഗ്ഗീസ് തുടങ്ങിയവര്‍ നടത്തിയ പരാമര്‍ശങ്ങളിലും കുടുംബം അതൃപ്തി അറിയിച്ചു.

ഫിലോമിനയുടെ ചികിത്സയ്ക്ക് ബാങ്ക് പണം നൽകിയിരുന്നെന്നും തൃശ്ശൂര്‍ മെഡിക്കൽ കോളജിൽ അത്യാധുനിക ചികിത്സ നൽകിയിരുന്നെന്നുമായിരുന്നു മന്ത്രിയുടെ വാദം. ഒരു മാസമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഫിലോമിന. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച്ച രാവിലെ എട്ടരയോടെയാണ് ഫിലോമിന അന്തരിച്ചത്. 28 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ഫിലോമിനക്ക് മെച്ചപ്പെട്ട ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാർ തിരിച്ചയച്ചുവെന്നാണ് കുടുംബം പറയുന്നത്.