'റെയ്ഡ്‌ ഏകപക്ഷീയമാണ് അത്‌ അംഗീകരിക്കാനാവില്ല';പോപ്പുലർ ഫ്രണ്ട് റെയ്‌ഡിൽ ആരിഫ് എംപിയുടെ അഭിപ്രായത്തെ വളച്ചൊടിച്ച് മീഡിയവൺ

google news
arif
 

കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ ഇന്ത്യയിലെ ഓഫീസുകൾ എൻ ഐ എ റെയ്ഡ്‌ ചെയ്യുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ മീഡിയ വൺ ചാനൽ എംപി എ എം ആരിഫിന്റെ പ്രതികരണത്തിന്റെ ഒരുഭാഗം മാത്രം ചൂണ്ടിക്കാണിച്ച് വാർത്ത പുറത്തുവിട്ടിരുന്നു. 'റെയ്ഡ്‌ ഏകപക്ഷീയമാണെന്നും അത്‌ അംഗീകരിക്കാനാവില്ല' എന്ന് എ.എം.ആരിഫ്‌ എം.പി. അഭിപ്രായപ്പെട്ടു' എന്നതരത്തിൽ എംപിയുടെ  പ്രതികരണത്തിന്റെ ഒരു ഭാഗം മാത്രമാണ്‌ മീഡിയ വൺ ചാനലിൽ എഴുതിക്കാണിച്ചത് എന്നാണ് ആരിഫ് പറയുന്നത്. റെയ്ഡ്‌ ഏകപക്ഷീയമാണെന്ന് അഭിപ്രായപ്പെട്ടിരുന്നുവെന്നും എന്നാൽ  അതിനെ അംഗീകരിക്കനാവില്ല എന്ന് പറഞ്ഞിട്ടില്ലെന്നും ആരിഫ് വ്യക്തമാക്കുന്നു. 

ആരിഫ് എം പി യുടെ പോസ്റ്റിന്റെ പൂർണരൂപം 

പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ ഇന്ത്യയിലെ ഓഫീസുകൾ റെയ്ഡ്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ട്‌ മീഡിയ വൺ ചാനൽ എന്റെ പ്രതികരണം ആരാഞ്ഞിരുന്നു. എന്നാൽ 'റെയ്ഡ്‌ ഏകപക്ഷീയമാണെന്നും അത്‌ അംഗീകരിക്കാനാവില്ല' എന്ന് എ.എം.ആരിഫ്‌ എം.പി. അഭിപ്രായപ്പെട്ടു' എന്നതരത്തിൽ എന്റെ പ്രതികരണത്തിന്റെ ഒരുഭാഗം മാത്രമാണ്‌ മീഡിയ വൺ ചാനലിൽ എഴുതിക്കാണിക്കുന്നത്‌. റെയ്ഡ്‌ ഏകപക്ഷീയമാണെന്ന് ഞാൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അതിനെ അംഗീകരിക്കനാവില്ല എന്ന് പറഞ്ഞിട്ടില്ല. പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ തീവ്രവാദ സ്വഭാവമുള്ള സംഘാടനയാണെന്നുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പൊതു സമൂഹത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരു സംഘടനയാണ്‌ എന്നുതന്നെയാണ്‌ ഞാൻ പറഞ്ഞത്‌. എന്നാൽ ആർ.എസ്‌.എസ്‌.മായി ബന്ധമുള്ള പല സംഘടനകളും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെപ്പറ്റി അന്വേഷണം നടത്തുകയോ അവിടങ്ങളിൽ റെയ്ഡ്‌ നടത്തുകയോ ചെയ്യാതെ പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ ഓഫീസുകളിൽ മാത്രം ഏകപക്ഷീയമായി റെയ്ഡ്‌ നടത്തുന്നത്‌ സംശയാസ്പദമാണ്‌. അതിൽ ഗവണ്മെന്റിന്റെ ഉദ്ദേശ്യശുദ്ധിയെ ഒരിക്കലും അംഗീകരിക്കാനാവില്ല. NIAയും  EDയും  അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി കേന്ദ്രസർക്കാരിനെതിരെ പ്രതികരിക്കുന്ന വ്യക്തികളെയും സംഘടനകളെയും നിശ്ചലമാക്കുക എന്ന തന്ത്രമാണ്‌ പിന്തുടരുന്നത്‌. ധാരാളം പൗരാവകാശ പ്രവർത്തകരേയും സാമൂഹ്യപ്രവർത്തകരെയും സാഹിത്യകാരന്മാരേയും അന്യായമായി തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന ഒരു സർക്കാരാണ്‌ കേന്ദ്രത്തിലേത്‌. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാരിന്റെ നീക്കം സദുദ്ദേശ്യപരമാണ്‌ എന്ന് പറയാൻ ആവില്ല എന്നാണ്‌ ഞാൻ പറഞ്ഞത്‌. എതിരാളികളെ എന്തുവിലകൊടുത്തും നിശബ്ദരാക്കുക എന്ന നയം പിന്തുടരുന്ന കേന്ദ്ര സർക്കാർ ഇന്ന് പോപ്പുലർ ഫ്രണ്ടിനെയാണ്‌ ലക്ഷ്യം വെച്ചതെങ്കിൽ നാളെ അത്‌ ഇടതുപാർട്ടികളെ ആകും എന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഞാൻ അഭിപ്രായം പറഞ്ഞത്‌. എന്നാൽ അതിന്റെ ഒരുഭാഗം മാത്രം അടർത്തിമാറ്റി മീഡിയവൺ ചാനലും തേജസ്‌ ദിനപത്രവും അടക്കം പ്രചരിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്‌ ഞാനിതു വ്യക്തമാക്കുന്നത്‌.


 

Tags