സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. മഴയിൽ മൂന്നു മരണവും വ്യാപക നാശനഷ്ടവുമുണ്ടായി. കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് റെഡ് അലർട്ട്. ഈ ജില്ലകളിൽ അതി തീവ്രമഴ സാധ്യതയാണുള്ളത്. തൃശൂർ മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മറ്റന്നാൾ 12 ജില്ലകളിലും റെഡ് അലർട്ടാണ്. മധ്യ-തെക്കൻ കേരളത്തിലാണ് ശക്തമായ മഴ ലഭിക്കുന്നത്.
പത്തനംതിട്ടയിൽ കാർ തോട്ടിൽ വീണാണ് അച്ഛനും രണ്ടു മക്കളും മരിച്ചു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. മണ്ണിടിഞ്ഞും റോഡിൽ വെള്ളം കയറിയും പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. കോട്ടയത്ത് ഉരുൾ പൊട്ടിയ ഇരിമാപ്രയിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകൾ തകർന്നു . ഈരാറ്റുപേട്ട, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിൽ തഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കൊല്ലം അഞ്ചൽ ഉപ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
കൊല്ലത്തെ തീരമേഖലയിൽ കനത്ത കാറ്റിന് സാധ്യതയെന്ന മുന്നറിയിപ്പുണ്ട്. ഇന്നും നാളെയും കനത്ത മഴതുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനം ജാഗ്രത പുലർത്തുകയാണ്. തീര മേഖലയിൽ ശക്തമായ കാറ്റും ഉണ്ടാകും. മത്സ്യബന്ധനത്തിന് നാലു ദിവസം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.