രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തു; ഏഴ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

raj bhavan
 

തിരുവനന്തപുരം : കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ചീഫ് സെക്രട്ടറി. ഏഴ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് നോട്ടീസ് നല്‍കിയത്. നേരത്തെ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് രാജ്ഭവനും  ആവശ്യപ്പെട്ടിരുന്നു. 

ജീവനക്കാരുടെ പെരുമാറ്റം ചട്ട ലംഘനമായോ?  എങ്കില്‍ എന്തു നടപടി സ്വീകരിച്ചു തുടങ്ങിയ വിശദാംശങ്ങള്‍ അറിയിക്കാനാണ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നത്.  പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറിയും കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ പി ഹണി ഉള്‍പ്പെടെ ഏഴ് ജീവനക്കാര്‍ക്കെതിരെയാണ് ബിജെപി പരാതി നല്‍കിയത്. 

അതേസമയം, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.