ഡോ. സിസ തോമസിന് കെടിയു വിസിയുടെ ചുമതല; സർക്കാർ നിർദേശിച്ച പേരുകൾ തള്ളി ഗവർണർ

Rajbhavan appoints Dr Ciza Thomas as KTU VC in charge
 

തിരുവനന്തപുരം: എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിസിക്കായി സർക്കാർ നിർദേശിച്ച പേരുകൾ തള്ളി രാജ്ഭവൻ. ഡോ. സിസ തോമസിന് കെടിയു വിസിയുടെ ചുമതല നൽകി രാജ്ഭവൻ ഉത്തരവിറക്കി. പുതിയ വി.സിയെ നിയമിക്കുന്നതുവരെയാണ് ഡോ. സിസാ തോമസിന്കെ.ടി.യു. വൈസ് ചാന്‍സലര്‍ചുമതല താല്‍ക്കാലികമായി നല്‍കിയിരിക്കുന്നത്. 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനായിരുന്നു സർക്കാർ ശുപാർശ. ഇത് തള്ളിയാണ് ഡോ. സിസ തോമസിന് ചാൻസലർ കൂടിയായ ഗവർണർ കെടിയു വിസിയുടെ ചുമതല നൽകിയത്. 

വൈസ് ചാൻസലർ ആയിരുന്ന ഡോക്ടർ എം.എസ്.രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഡോക്ടർ രാജശ്രീയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. വൈസ് ചാന്‍സലര്‍ നിയമനത്തിന് ചാന്‍സലര്‍ക്ക് പാനല്‍ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് കൈമാറിയതെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ചാണ് രാജശ്രീയുടെ നിയമനം റദ്ദാക്കിയത്.