ബലാത്സംഗ കേസ്; സിഐയെ ഇന്നും ചോദ്യം ചെയ്ത് വിട്ടയച്ചു; അറസ്റ്റ് ചെയ്യാൻ തെളിവില്ലെന്നാവർത്തിച്ച് പൊലീസ്

ബലാത്സംഗ കേസ്; സിഐയെ ഇന്നും ചോദ്യം ചെയ്ത് വിട്ടയച്ചു; അറസ്റ്റ് ചെയ്യാൻ തെളിവില്ലെന്നാവർത്തിച്ച് പൊലീസ്
 

കൊച്ചി: ബലാത്സംഗ കേസിൽ ബേപ്പൂർ കോസ്റ്റൽ പൊലീസ് സിഐ പി.ആർ സുനുവിനെ വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. തുടർച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്തിട്ടും സുനുവിനെ അറസ്റ്റ് ചെയ്യാനുളള തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിക്കാത്തതിനെ തുടർന്നാണ് വിട്ടയച്ചത്.

ഇദ്ദേഹത്തെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു. തുടർന്ന് രാത്രിയോടെ വിട്ടയച്ചു. ഇതുവരെയും സുനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ആഴത്തിലുള്ള അന്വേഷണം നടക്കുന്നതായും പരാതിയിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവാനുണ്ടെന്നും ഡിസിപി പറഞ്ഞു. മുൻ കാല കുറ്റകൃത്യ പശ്ചാത്തലമുള്ളതുകൊണ്ടാണ് പരാതി ലഭിച്ചതിന് തൊട്ടുപിന്നാലെ കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് രാവിലെ പത്ത് മണിയോട് കൂടിയാണ് സുനു അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. തുടർന്ന് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് പുറമെ ശാസ്ത്രീയ പരിശോധനകളിലേക്കും സാഹചര്യ തെളിവുകള്‍ ശേഖരിക്കാനുളള നടപടികളിലേക്കും പൊലീസ് കടന്നിരുന്നു. എന്നാൽ സിഐയെ അറസ്റ്റ് ചെയ്യാനുളള സാഹചര്യ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം പറയുന്നു. യുവതിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മൊഴികളിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.


യുവതിയുടെ ഭർത്താവ് ഒരു തൊഴിൽ തട്ടിപ്പ് കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുകയാണ്. ഇത് മുതലെടുത്ത് സിഐ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ പരാതി. തൃക്കാക്കരയിലെ വീട്ടിൽ വച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് ബലാത്സംഗം ചെയ്തതെന്ന് വീട്ടമ്മയുടെ പരാതിയിലുണ്ട്. കേസിൽ വീട്ടമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എസ്എച്ച്ഒ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മ മൊഴി നൽകിയിട്ടുണ്ട്. സിഐക്ക് പുറമേ വീട്ടുജോലിക്കാരിയും വീട്ടമ്മയുടെ ഭർത്താവിന്റെ സുഹൃത്തും ഉൾപ്പെടെ 6 പ്രതികളാണ് കേസിലുള്ളത്. ഇവരെ നേരത്തെ വിട്ടയച്ചിരുന്നു.

കേസിൽ മൊത്തം പത്ത് പ്രതികളാണുള്ളത്. ഇതിൽ സി.ഐക്കൊപ്പം നാലു പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ രണ്ട് പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്താനുളള അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.


കൊച്ചി മരട് സ്വദേശിയായ പി ആർ സുനു നേരത്തെയും ബലാത്സംഗ കേസിൽ പ്രതിയായിട്ടുണ്ട്. എട്ട് വകുപ്പുതല അച്ചടക്ക നടപടികളും നേരിട്ടിട്ടുണ്ട്. 2021 ല്‍ മുളവികാട് പീഡനക്കേസില്‍ 14 ദിവസം റിമാന്‍ഡിലിരുന്നു. മൂന്ന് പീഡനക്കേസുകളും ഇയാള്‍ക്കെതിരെ നിലവിലുണ്ട്. ഇയാളെ ബേപ്പൂരിലേക്ക് സ്ഥലം മാറ്റിയത് പ്രൊമോഷനോടുകൂടിയായിരുന്നു.