പേവിഷബാധ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാര പരിശോധനക്ക് നിർദേശം

vaccine
 


പേവിഷബാധ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരത്തില്‍ വിദഗ്ധ പരിശോധനയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നിർദേശം നല്‍കി .വാക്‌സിന്‍ സ്വീകരിച്ചിട്ടും പേവിഷബാധ മരണം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് കേരളം കേന്ദ്രത്തിന് കത്തയച്ചത്. വാക്‌സിന്‍ നല്‍കിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് സംബന്ധിച്ച് പൊതുജനങ്ങളില്‍ ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.ഉപയോഗിച്ച വാക്‌സിന്റെയും സെറത്തിന്റേയും കേന്ദ്ര ലാബിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റും ബാച്ച് നമ്പരും ഉള്‍പ്പെടെയാണ് മന്ത്രി കത്തയച്ചത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യക്കാണ് നിലവില്‍ കേന്ദ്രം നല്‍കിയിരിക്കുന്ന വിശദീകരണം. പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ലഭിക്കും. 

കേന്ദ്ര ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം വാക്‌സിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര ഡ്രഗ് ലബോറട്ടറിയാണ്. മരിച്ചവരുടെ ഏത് ഭാഗത്താണ് നായയുടെ കടിയേറ്റത്, കടിയേറ്റവര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നോ എന്നതടക്കം പരിശോധിച്ച ശേഷമേ വാക്‌സിന്‍ ഫലപ്രദമായിരുന്നോ എന്ന് പറയാന്‍ കഴിയൂ എന്നും കേന്ദ്രം പറയുന്നു .കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറില്‍ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായ വാക്‌സിനും സെറവുമാണ് നായ്ക്കളില്‍ നിന്നുള്ള കടിയേറ്റ് ആശുപത്രികളില്‍ എത്തിയവര്‍ക്കും മരണമടഞ്ഞ 5 പേര്‍ക്കും നല്‍കിയത്.