സർവകലാശാലകളിൽ ചോദ്യങ്ങളിൽ ആവർത്തനം; കണ്ണൂരിൽ നടപടിയുണ്ടാകുമെന്നും മന്ത്രി ആർ.ബിന്ദു
Thu, 21 Jul 2022

തിരുവനന്തപുരം: സർവകലാശാലകളിൽ അധ്യാപകർ നൽകുന്ന ചോദ്യങ്ങൾ പരിശോധിക്കാൻ നിലവിൽ സംവിധാനങ്ങളില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. പരിശോധന സംവിധാനം ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കും. കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ആവർത്തനത്തിൽ മാതൃകപരമായ നടപടി എടുക്കും . ഇതിനായി സിൻഡിക്കേറ്റ് സബ് കമ്മിറ്റികളെ ചുമതലപ്പെടുത്തിയെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നിയമസഭയെ അറിയിച്ചു.
കണ്ണൂർ സർവകലാശാലയിൽ തുടർച്ചയായി അഞ്ചാമതും കഴിഞ്ഞ കൊല്ലത്തെ ചോദ്യപേപ്പർ ഇത്തവണ ആവർത്തിച്ചിരുന്നു. ആദ്യം സൈക്കോളജി ബിരുദ പരീക്ഷയുടെ മൂന്ന് പേപ്പറുകൾ, പിന്നീട് ബോട്ടണി ബിരുദ പരീക്ഷയുടെ ഒരു പേപ്പർ, ഗണിത ശാസ്ത്ര ബിരുദാനന്തര ബിരുദ പരീക്ഷയുടെ ഒരു പേപ്പർ ഇങ്ങനെയാണ് ആവർത്തനം ഉണ്ടായ ചോദ്യപേപ്പറുകൾ.