ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കേണ്ട സാഹചര്യമില്ല: മന്ത്രി റോഷി അഗസ്റ്റിന്‍

roshy augustine

 

തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. എറണാകുളം ജില്ലയിലെ സ്ഥിതി കൂടി പരിഗണിച്ച് തീരുമാനം എടുക്കും. മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. 

ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. നിലവിലെ ജലനിരപ്പ് 2382.53 അടിയാണ്. സംഭരണശേഷിയുടെ 82.06 ശതമാനം നിറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം കൂടിയെത്തിയാൽ ജലനിരപ്പ് ഉയരും. വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നതും ആശങ്കയാണ്. ജലനിരപ്പ് 2383.53 അടി എത്തിയാൽ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിക്കും.

അതേസമയം, സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതിതീവ്ര മഴ ആശങ്ക ഒഴിയുകയാണെങ്കിലും അതിശക്തമായ മഴയെ  കരുതിയിരിക്കണം. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്‍റെ ഗതിയും ശക്തിയും ഇപ്പോഴും ശക്തമായ മഴയ്ക്ക് അനുകൂലമാണ്.

ഞായറാഴ്ചയോടെ രൂപപ്പെടുന്ന ന്യൂനമ‍ർദ്ദവും മഴയ്ക്ക് കാരണമാകാം. ഇന്ന് രാത്രി കൂടി തിരുവനന്തപുരം മുതൽ പത്തനംത്തിട്ട വരെയുള്ള ജില്ലകളിലെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം നേര്യമംഗലം മുതൽ തൃശ്ശൂർ മലക്കപ്പാറ, വാൽപ്പാറ വരെയുള്ള വനമേഖലകളിൽ ഞായറാഴ്ച വരെ ശക്തമായ മഴ തുടർന്നേക്കും. പാലക്കാട് മണ്ണാർകാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർകോട് വന മേഖലകളിലും മഴ തുടരും.