പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ്; മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുൾപ്പെടെ അഞ്ച് പേർക്ക് തടവും പിഴയും

google news
jail
 

തിരുവനന്തപുരം: പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് കേസിൽ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ അടക്കമുള്ളവർക്ക് തടവുശിക്ഷയും പിഴയും. പട്ടികജാതി വികസന വകുപ്പ് മുന്‍ ഡയറക്ടര്‍ കെ.എസ്. രാജന്‍, ഫിനാന്‍സ് ഓഫീസര്‍ എന്‍. ശ്രീകുമാര്‍ ഉൾപ്പെടെ അഞ്ച് പേരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്.


ജില്ലാ ഡെവലപ്മെന്റ് ഓഫീസർ സത്യദേവൻ, വർക്കല ഡെവലപ്മെന്റ് ഓഫീസർ സി. സുരേന്ദ്രൻ, വർക്കലയിലെ കമ്പ്യൂട്ടർ സ്ഥാപനമായ പൂർണ്ണ സ്കൂൾ ഓഫ് ഐ.ടിയുടെ സുകുമാരൻ തുടങ്ങിയവരെയാണ് കോടതി ശിക്ഷിച്ചത്. രണ്ട് വർഷം തടവും പിഴയുമാണ് ശിക്ഷ.

2002- 2003 കാലയളവിൽ എസ്.സി വിദ്യാർഥികള്‍ക്ക് കമ്പ്യൂട്ടർ പഠനത്തിന് സർക്കാർ തുക അനുവദിച്ചിരുന്നു. തൊഴിൽ പരിശീലനം നൽകാൻ രജിസ്ട്രേഷനില്ലാത്ത വർക്കലയിലുള്ള കമ്പ്യൂട്ടർ സ്ഥാപനത്തിന് ഉദ്യോഗസ്ഥർ ചേർന്ന് വിദ്യാർഥികളെ പഠിപ്പിക്കാനുള്ള തുക നൽകി. ഈ സ്ഥാപനത്തിൽ പഠിച്ച വിദ്യാർഥികള്‍ക്ക് സർട്ടിഫിക്കറ്റ് പോലും ലഭിച്ചില്ലെന്നും സർക്കാർ പണം വകമാറ്റിയെന്നും വിജിലൻസ് കണ്ടെത്തുകയായിരുന്നു.
  
കേസ് വിജിലൻസ് ഏറ്റെടുത്ത് അന്വേഷിക്കുകയായിരുന്നു. വിജിലൻസ് നൽകിയ കുറ്റപത്രത്തിൽ വിചാരണ പൂർത്തിയാക്കിയതിന് ശേഷമാണ് അഞ്ച് പ്രതികളേയും വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.

Tags