ശബരിമല നിറപുത്തരി ഉത്സവത്തിന് തടസ്സമുണ്ടാകില്ല; തീര്‍ഥാടകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍

google news
sabarimala
 

പത്തനംതിട്ട: ശബരിമല നിറപുത്തരി ഉത്സവം, ആറന്‍മുള വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് തടസം വരാതെ കാലാവസ്ഥ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.

വെള്ളപ്പൊക്ക സാധ്യതയുള്ള ജില്ലകളില്‍ എന്‍ ഡി ആര്‍ എഫി ന്റെ സേവനം ലഭ്യമാക്കുന്നതിനും പത്തനംതിട്ട ജില്ലയില്‍ ശബരിമലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് എന്‍ ഡി ആര്‍ എഫിന്റെ അധിക ടീമിനെ സജ്ജമാക്കുന്നതിനും റവന്യുമന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനിച്ചു.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീര്‍ഥാടകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പഴ്‌സനുമായ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയില്‍ ഓഗസ്റ്റ് രണ്ട്, മൂന്ന്, നാല് തീയതികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശബരിമല നിറപുത്തരി ഉത്സവത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍. 

പ്രതികൂല കാലാവസ്ഥ മൂലം മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകള്‍ ദുരന്ത നിവാരണ അതോറിറ്റി വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് ശബരിമല നിറപുത്തരി മഹോത്സവം നടക്കുന്നത്. അതിനാല്‍ തീര്‍ത്ഥാടകര്‍ ഏറെ കരുതല്‍ സ്വീകരിക്കണം. മാത്രമല്ല, നദികളില്‍ ഇറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ പമ്പാ സ്നാനത്തിന് തീര്‍ഥാടകര്‍ക്ക് അനുമതിയുണ്ടായിരിക്കില്ല. സ്വാമി അയ്യപ്പന്‍ റോഡ് വഴി മാത്രമായിരിക്കും തീര്‍ഥാടകരെ കടത്തി വിടുക. 

അവശ്യം വരുന്ന മുറയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ കഴിയും വിധം ആംബുലന്‍സ്, കെഎസ്ആര്‍ടിസി ബസുകള്‍ കൂടുതല്‍ വിന്യസിക്കും. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാന്‍ കൂടുതല്‍ സജ്ജീകരണങ്ങളും ജീവനക്കാരേയും സജ്ജമാക്കുമെന്നും കലക്ടര്‍ പറഞ്ഞു. ചടങ്ങുകള്‍ക്ക് തടസം വരാതെ ശബരിമല നിറപുത്തരി ഉത്സവത്തിനായി ഓഗസ്റ്റ് മൂന്നിന് നടതുറക്കും. 
 

Tags