ശബരിമല തീർത്ഥാടകർക്ക് എളുപ്പത്തിൽ മല കയറാം നവീകരിച്ച നീലിമല പാത വ്യാഴാഴ്ച തുറക്കും

neelimala
 

പത്തനംതിട്ട: ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകർക്ക് എളുപ്പത്തിൽ മല കയറാനായി നവീകരിച്ച നീലിമല പാത ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വ്യാഴാഴ്ച തുറന്ന് കൊടുക്കും. പമ്പ മുതൽ ശരംകുത്തി വരെയാണ് പരമ്പരാഗത പാതയിൽ കല്ലുകൾ പാകിയിരിക്കുന്നത്. 12 കോടി രൂപ ചെലവിട്ട് കേന്ദ്ര സർക്കാരിന്റെ തീർത്ഥാടക വിനോദ സഞ്ചാര പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാത നവീകരിച്ചിരിക്കുന്നത്. ഏഴ് മീറ്റർ വീതിയിൽ 2750 മീറ്റർ ദൂരത്തിലാണ് കല്ല് പാകിയത്. 

കഴിഞ്ഞ മാർച്ചിലാണ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. കർണാടകത്തിലെ സാദർഹള്ളി, ഹൊസൂർ എന്നിവിടങ്ങളിൽ നിന്നാണ് കല്ലുകൾ എത്തിച്ചത്. പരമ്പരഗത പാതയിൽ തീർത്ഥാടകർക്ക് കയറാനും ഇറങ്ങാനും ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന നീലിമല ടോപ്പിലും അപ്പാച്ചിമേട്ടിലും ഒരു വശത്ത് സ്റ്റെപ്പും ക്രമീകരിച്ചിട്ടുണ്ട്. കൈപിടിച്ച് കയറാൻ കൈവരികളുമുണ്ട്. അടിയന്തര സാഹചര്യത്തിൽ ആംബുലൻസുകളും ഇനി നിലിമല പാത വഴി കയറ്റിവിടും.