ഓണനാളിലെ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തുറക്കും

sabarimala
 

ശബരിമല ക്ഷേത്രനട ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തുറക്കും. ഓണനാളിലെ പൂജകൾക്കു വേണ്ടി സെപ്റ്റംബർ 10 വരെയാണ്  ക്ഷേത്രനട തുറന്നിരിക്കും. ഉത്രാട ദിനം മുതൽ ചതയ ദിനം വരെ ഭക്തർക്കായി ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. 

ഇന്ന് നട തുറന്നതിന് ശേഷം തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തിൽ ഉത്രാട സദ്യയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. നാളെ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരിയുടെ വകയാണ് ഉത്രാട സദ്യ. തിരുവോണദിനത്തിൽ ദേവസ്വം ജീവനക്കാരുടെ വകയാണ് സദ്യ. 9ന് പൊലീസും, 10ന് മാളികപ്പുറം മേൽശാന്തിയുടെ വകയാണ്  ഓണസദ്യ . 

നട തുറക്കുന്ന അഞ്ച് ദിവസങ്ങളിലും ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ദർശനത്തിനായി ഭക്തർ വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലക്കലിൽ ഭക്തർക്കായി സ്പോട്ട് ബുക്കിങ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. 10ന് രാത്രി 10ന് ഹരിവരാസനം പാടി തിരുനട അടക്കും.