
തിരുവനന്തപുരം: മല്ലപ്പള്ളി പ്രസംഗത്തില്‍ സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് നാളത്തേയ്ക്ക് മാറ്റി. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയാണ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റിവച്ചത്. ഇതോടൊപ്പം സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമാകും വരെ കേസ് അവസാനിപ്പിക്കരുതെന്ന ആവശ്യവും പരിഗണിക്കും.
മല്ലപ്പള്ളി പ്രസംഗത്തിനിടെ ഭരണഘടനയെ അവഹേളിച്ചെന്ന കാരണത്താലാണ് സജി ചെറിയാന് മന്ത്രി സ്ഥാനം നഷ്ടമായത്. എന്നാല്‍ ഭരണഘടനാ വിരുദ്ധമായി ഒന്നു സംസാരിച്ചിട്ടില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മന്ത്രിസഭയിലേക്ക് സജി ചെറിയാന് മടക്കത്തിന് സാധ്യത തെളിഞ്ഞത്.
അതേസമയം, സജി ചെറിയാന്‍ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. അറ്റോര്‍ണി ജനറലിന്റെ ഉപദേശ പ്രകാരം കഴിഞ്ഞദിവസമാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയത്.