ബാഫഖി തങ്ങളുടെ മകൻ സൈനുൽ ആബിദീൻ തങ്ങൾ അന്തരിച്ചു

  ബാഫഖി തങ്ങളുടെ മകൻ സൈനുൽ ആബിദീൻ തങ്ങൾ അന്തരിച്ചു
 

മലപ്പുറം: സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ(82) അന്തരിച്ചു. സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങളുടെ മകനാണ്. കാരന്തൂർ മർകസ് വൈസ് പ്രസിഡന്റും സുന്നി മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. 30 വർഷത്തോളം മലേഷ്യയിൽ സേവനം ചെയ്തിരുന്നു. 90ഓളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു വിയോഗം. രാത്രി ഒമ്പത് മണിക്ക് മർകസിൽ നിന്ന് ജനാസ നിസ്‌കാരം കഴിഞ്ഞ് തിരൂരിലെ നടുവിലങ്ങാടിയിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് നാളെ രാവിലെ 9 മണിക്ക് നിന്ന് കൊയിലാണ്ടിയിലേക്ക് ജനാസ കൊണ്ട് പോകും. 11 മണി മുതൽ കൊയിലാണ്ടിയിൽ ജനാസ നിസ്‌കാരം ഉണ്ടാകും. തുടർന്ന് ഉച്ചക്ക് 2 മണിക്ക് കൊയിലാണ്ടി വലിയകത്ത് മഖാമിൽ ഖബറടക്കം നടക്കും.

സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങളുടെയും ശരീഫാ ഖദീജ ബീവിയുടെയും മകനായി 1941 മാർച്ച് 10ന് ജനനം. മക്കൾ: സയ്യിദ് സഹൽ ബാഫഖി, ശരീഫ സുൽഫത്ത് ബീവി. മരുമക്കൾ: സയ്യിദ് ഫൈസൽ, ശരീഫ ഹന ബീവി. സഹോദരങ്ങൾ: സയ്യിദ് ഹുസൈൻ ബാഫഖി, സയ്യിദ് അബൂബക്കർ ബാഫഖി, സയ്യിദ് അബ്ദുല്ല ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് ഇബ്റാഹിം ബാഫഖി, സയ്യിദലി ബാഫഖി, സയ്യിദ് ഹസൻ ബാഫഖി, സയ്യിദ് അഹ്‌മദ് ബാഫഖി, ശരീഫ മറിയം ബീവി, ശരീഫ നഫീസ ബീവി.മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പിതൃസഹോദരപുത്രനാണ്.