സ്‌കാനിംഗ് സെന്ററിൽ യുവതിയുടെ സ്വകാര്യദൃശ്യം പകർത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

veena
 

പത്തനംതിട്ട: അടൂരില്‍ എം.ആര്‍.ഐ. സ്‌കാനിങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിനുത്തരവിട്ടു. അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ റേഡിയോഗ്രാഫർ നേരത്തെ അറസ്റ്റിലായിരുന്നു. ദേവി സ്‌കാനിംഗ് സെൻററിൽ ജീവനക്കാരനായ കൊല്ലം ചിതറ സ്വദേശി അംജിത്ത് അനിരുദ്ധനാണ് പിടിയിലായിരുന്നത്. പ്രതിഷേധത്തെ തുടർന്ന് ലാബ് അടച്ചിരിക്കുകയാണ്.

അടൂര്‍ ഹോസ്പിറ്റല്‍ ജങ്ഷനിലെ സ്വകാര്യ ലാബിലാണ് പരാതിക്കിടയാക്കിയ സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടു കൂടിയാണ് ഏഴംകുളം സ്വദേശിനിയായ പെണ്‍കുട്ടി എം.ആര്‍.ഐ. സ്‌കാനിങിനായി സെന്ററില്‍ എത്തിയത്. വസ്ത്രം മാറ്റുന്ന സമയത്ത് തന്റെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തുന്നു എന്ന സംശയം തോന്നിയ പെണ്‍കുട്ടി തിരിഞ്ഞു നോക്കുകയായിരുന്നു. റേഡിയോളജിസ്റ്റായ രഞ്ജിത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായാണ് പെണ്‍കുട്ടി കണ്ടതെന്നാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്തുവച്ചുതന്നെ യുവാവില്‍നിന്ന് മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി പെണ്‍കുട്ടി സ്വകാര്യ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നു.  പെണ്‍കുട്ടിയുടെ പരാതിയില്‍ രാത്രി തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
 

ആറ് മാസത്തോളമായി ഇവിടുത്തെ ജീവനക്കാരാനാണ് കൊല്ലം ചിതറ സ്വദേശിയായ അംജിത്ത്. ഇയാളുടെ ഫോണിൽ നിന്ന് 23 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ഐ.പിസി 354 വകുപ്പും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.