ജലനിരപ്പ് 137.70 അടി: മുല്ലപ്പെരിയാറില്‍ നാല് ഷട്ടറുകള്‍ കൂടി തുറന്നു; തീരങ്ങളിൽ ജാഗ്രതാ നിർദേശം

mullaperiyar dam
 


ഇടുക്കി: മുല്ലപ്പെരിയാറില്‍ നാല് ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ തുറന്ന ഷട്ടറുകളുടെ എണ്ണം പത്തായി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.70 അടിയായി. മഴയിൽ നീരൊഴുക്ക് കനത്തതോടെ സംസ്ഥാനത്തെ നിരവധി ഡാമുകൾ തുറന്നു.  

മലമ്പുഴ ഡാമിന്‍റെ നാല് ഷട്ടറുകളും തെന്മല ഡാമിന്‍റെ മൂന്നു ഷട്ടറുകളും ഇന്ന് തുറന്നു. പീച്ചി ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. കരുതലോടെ ഘട്ടം ഘട്ടമായാണ് ഇത്തവണ ഡാമുകൾ തുറന്നത് എന്നതിനാൽ എവിടെയും പ്രളയഭീതിയില്ല. 

  
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പെരിയാറിന്‍റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലുണ്ടായിരുന്ന എന്‍ഡിആര്‍എഫ് സംഘത്തെ മുല്ലപ്പെരിയാറിലേക്ക് വിന്യസിച്ചു. മാറ്റിപ്പാര്‍പ്പിക്കല്‍ ആവശ്യമായി വന്നാല്‍ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നിലവില്‍ തുറന്നിരിക്കുന്ന ആറ് ഷട്ടറുകള്‍ കൂടാതെ നാല് ഷട്ടറുകള്‍ കൂടി (V1, V5, V6 &V10) വ്യാഴാഴ്ച അഞ്ച് മണി മുതല്‍ 0.30 മീറ്റര്‍ വീതം ഉയര്‍ത്തി. ഇങ്ങനെ ആകെ 1870.00 ഘനയടി ജലം പുറത്തുവിടുമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് ശക്തമാണ്.

പൊതുജനങ്ങള്‍ പെരിയാര്‍ തീരപ്രദേശങ്ങളില്‍ കുളിക്കാനിറങ്ങുന്നതും മീന്‍പിടുത്തം നടത്തുന്നതും സെല്‍ഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കര്‍ശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുല്ലപെരിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന സാഹചര്യം മുന്‍നിര്‍ത്തി മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റും സജ്ജീകരിച്ചു. (ഫോണ്‍ നമ്പര്‍ 04869-253362, മൊബൈല്‍ 8547612910) അടിയന്തിര സാഹചര്യങ്ങളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ (04869232077, മൊബൈല്‍ 9447023597) എന്നിവയും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.

112.36 മീറ്റര്‍ ആണ് നിലവില്‍ മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ്. നിലവില്‍ ഒരു മണിക്കൂറില്‍ ഒരു സെന്‍റിമീറ്ററാണ് ജലനിരപ്പ് ഉയരുന്നത്. റൂള്‍കര്‍വ് പ്രകാരം 112.99 മീറ്ററാണ് സംഭരണശേഷി. ഇപ്പോള്‍ ആശങ്കാജനകമായ ജലനിരപ്പ് ഇല്ലെങ്കിലും മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

 
അതേസമയം സംസ്ഥാനത്ത് മഴയ്ക്ക് ഇന്ന് ശമനമുണ്ടായി. ഇടുക്കി മുതൽ കാസർകോടുവരെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും അലർട്ടുകൾ പിൻവലിച്ചു. പത്തനംതിട്ടയിലും ആലപ്പുഴയിലും കോട്ടയത്തും എറണാകുളത്തും യെല്ലോ അലേർട്ട് മാത്രമാണുള്ളത്. വിവിധ ജില്ലകളിലായി ഏഴായിരത്തോളംപേർ 221 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുകയാണ്.