‘ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സർക്കാരിന് കഴിയില്ല’; സർക്കാരിന്‍റെ ഹർജി ചോദ്യം ചെയ്ത് സിസ തോമസ്

Sisa Thomas questioned the petition of the government
 

കൊച്ചി: സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിനെതിരായ സർക്കാരിന്റെ ഹർജി ചോദ്യം ചെയ്ത് ഡോ.സിസ തോമസ്. വിസിയാവാൻ തനിക്ക് യോഗ്യതയുണ്ടെന്ന് കാണിച്ച് സിസ തോമസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു.

‘‘തനിക്ക് മുപ്പത്തിയൊന്നര വർഷത്തെ അധ്യാപന പരിചയമുണ്ട്. പ്രഫസർ എന്ന നിലയിൽ 13 വർഷത്തെ പ്രവർത്തി പരിചയവുമുണ്ട്. ചാൻസലറായ ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സർക്കാരിന് കഴിയില്ല’’ – സത്യവാങ്മൂലത്തില്‍ പറയുന്നു. സിസാ തോമസിന്റെ നിയമനം ചട്ടവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. 
 
  
അതേസമയം, കെടിയു വിസി നിയമനം റദ്ദാക്കിയ വിധിക്ക് മുൻകാല പ്രാബല്യം നൽകരുതെന്നാവശ്യപ്പെട്ട് ഡോ. രാജശ്രീ സുപ്രീംകോടതിയിൽ പുനപരിശോധനാ ഹർജി നൽകി. നിയമനം റദ്ദാക്കിയതിന്  മുൻകാല പ്രാബല്യം നൽകി, ശമ്പളവും മറ്റ് അനൂകൂല്യം തിരിച്ചുപിടിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. ഡോ. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല  (കെ ടി യു) വൈസ് ചാൻസലരായി ഡോ. രാജശ്രീ എം എസിന്റെ നിയമനം സുപ്രീം കോടതിയാണ് റദ്ദാക്കിയത്.

നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹർജിയിലായിരുന്നു ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്. കെ ടി യു വൈസ് ചാൻസലറായി ഡോ. എം എസ് രാജശ്രീയെ നിയമിച്ചത് ചോദ്യം ചെയ്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മു‌ൻ ഡീൻ പി എസ് ശ്രീജിത്താണ് കോടതിയെ സമീപിച്ചത്. യുജിസി ചട്ടങ്ങൾ ഒരിക്കൽ അംഗീകരിച്ചിട്ടുണ്ടെങ്കിൽ, അത് നടപ്പാക്കാൻ ബാധ്യത ഉണ്ടെന്ന സുപ്രീംകോടതിയുടെ സമീപകാല വിധിയുടെ അടിസ്ഥാനത്തിയിരുന്നു നടപടി.