ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ഇന്ന് ആറു മരണം; 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

rain
 

തിരുവനന്തപുരം: കേരളത്തിൽ ഓഗസ്റ്റ് 2 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ (64.5 -115.5 മില്ലിമീറ്റർ) മഴയ്ക്കും, ഓഗസ്റ്റ് 2 മുതൽ 4 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്ത/ അതിതീവ്രമായ മഴയ്ക്കും (204 മില്ലിമീറ്ററിൽ കൂടുതൽ) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

10 ജില്ലകളിൽ ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണു റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ഇന്ന് ആറു മരണം. കണ്ണൂർ കണിച്ചാർ വില്ലേജിൽ പൂളക്കുറ്റി, വെള്ളറ, നെടുംപുറംചാൽ എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ നുമ തസ്മിൻ (3), രാജേഷ് (45), ചന്ദ്രൻ (5‌5) എന്നിവർ മരിച്ചു. മുണ്ടക്കയം കൂട്ടിക്കലിൽ ഒഴുക്കിൽപ്പെട്ട റിയാസിന്റെ മൃതദേഹം കണ്ടെത്തി. കോതമംഗലം ഉരുളൻതണ്ണിയിൽ വനത്തിൽ കാണാതയ പൗലോസിന്റെയും മുളന്തുരുത്തിയിൽ കാണാതായ അനീഷിന്റെയും മൃതദേഹം കണ്ടെത്തി. ഇതോടെ ആകെ മരണം 13 ആയി. പത്തനംതിട്ട ജില്ലയിൽ 4 പേരും തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തരുമാണു കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്

തൃശൂർ പെരിങ്ങൽക്കുത്ത് അണക്കെട്ട് തുറന്നതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയർന്നു. അതിരപ്പിള്ളിയിൽ ഉൾപ്പെടെ ശക്തമായ ഒഴുക്കാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു. 

 
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ പകൽ മധ്യകേരളത്തിൽ മഴ ശക്തമാകും. മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പുലർത്തണം. സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നും കുസാറ്റിലെ കാലാവസ്ഥ ശാസ്ത്രജ്ഞൻ ഡോ.മനോജ്  പറ‌ഞ്ഞു. 
 
ഇന്ന് രാത്രി തെക്കൻ, മധ്യ കേരളത്തിലെ മലയോരമേഖലകളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴ കിട്ടിയേക്കും. പുലർച്ചയോടെ വടക്കൻ കേരളത്തിലെ മലയോരമേഖലകളിലേക്ക് മഴ മാറിയേക്കും. ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള 10 ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. മറ്റ് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. അറബിക്കടലിൽ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ അതിജാഗ്രത വേണം. തുടർച്ചയായ ഉരുൾപ്പൊട്ടലിനും മലവെള്ളപാച്ചിലിനും സാധ്യത ഏറെയാണ്. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. നാളെയും ആലപ്പുഴ മുതൽ കണ്ണൂർ വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 95 ആയി. കനത്ത മഴ മൂലം  24 മണിക്കൂറിനുള്ളില്‍ പൂർണമായി തകർന്നത്  23 വീടുകൾ ആണ്. 71 വീടുകൾക്ക് ഭാഗികമായി കേടുപാട് പറ്റി. മൂന്ന് ദിവസത്തെ മഴയിൽ 126 വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.