സോളാര്‍ പീഡന കേസ്; ഉമ്മന്‍ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും ക്ലീന്‍ ചിറ്റ്; തെളിവില്ലെന്ന് സിബിഐ

solar case
 

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എപി അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീന്‍ ചീറ്റ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. 

ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണത്തില്‍ തെളിവില്ലെന്നും പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും സി ബി ഐയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളെയും സിബിഐ കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. കേസില്‍ നേരത്തെ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എപി അനില്‍കുമാര്‍, കെസി വേണുഗോപാല്‍ എന്നിവര്‍ക്കും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 


അതേസമയം, സോളാര്‍ പീഡന കേസുമായി ബന്ധപ്പെട്ട് ആറ് കേസുകളായിരുന്നു സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച് പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സിബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആരോപണത്തില്‍ തെളിവുകളില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.