സോണിയഗാന്ധി കൊല്ലം മുൻസിഫ്കോടതിയിൽ ഹാജരാകാൻ ഉത്തരവ്

sonia
 

ഇൻഡ്യൻ നാഷണൽ കോൺഗ്രസിൻ്റെ നിയമാവലിക്ക് വിരുദ്ധമായി കൊല്ലം ഡി.സി.സി പ്രസിഡണ്ട് തനിക്കെതിരെ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് അസാധുവായി പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതാവ് പ്രിത്വിരാജ് ഫയൽ ചെയ്ത കേസിൽ കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡണ്ട് സോണിയ ഗാന്ധിയും കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരനും ഡി.സി.സി പ്രസിഡണ്ട് പി.രാജേന്ദ്രപ്രസാദും ആഗസ്റ്റ് 3ന് കൊല്ലം മുൻസിഫ് കോടതിയിൽ ഹാജരാകാൻ ഉത്തരവ്.

കെ.പി.സി.സി മെമ്പർമാരുടെ തെരഞ്ഞെടുപ്പിൽ കുണ്ടറ ബ്ലോക്കിൽ നിന്ന് കേസിൻ്റെ തീരുമാനം വരെ പ്രതിനിധിയെ നിശ്ചയിക്കുന്നത് തടയണമെന്ന പ്രിത്വിരാജിൻ്റെ ഉപഹർജിയിലാണ് മുൻസിഫ് കോടതി അടിയന്തിര സമൻസ് ഉത്തരവായത്.

കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പ് വേളയിൽ രാജ്മോഹൻ ഉണ്ണിത്താൻ ഉന്നയിച്ച ആരോപണത്തെത്തുടർന്ന് അന്നത്തെ ഡി.സി.സി പ്രസിഡണ്ട് ബിന്ദു കൃഷ്ണയാണ് പ്രിത്വിരാജിനെ സസ്പെൻഡ് ചെയ്തതായി മാധ്യമങ്ങളെ അറിയിച്ചത്. സസ്പെൻഷൻ ഉത്തരവ് ലഭിച്ചില്ലെന്ന് കാണിച്ച് നടപടികൾ തിരുത്താൻ ആവശ്യപ്പെട്ട് പ്രിത്വിരാജ് നിവേദനം നൽകിയെങ്കിലും പ്രതികരണമുണ്ടായില്ല. പത്രവാർത്തകളിലൂടെ മാത്രമാണ് സസ്പെൻഷൻ അറിയുന്നത്. ഉത്തരവ് ആരും കണ്ടിട്ടില്ല. തുടർന്ന് അഡ്വ ബോറിസ് പോൾ മുഖേന അഖിലേന്ത്യാ പ്രസിഡണ്ട് സോണിയ ഗാന്ധിക്കും നിലവിലെ കെ.പി.സി.സി, ഡി.സി.സി പ്രസിഡണ്ടുമാർക്കും വക്കീൽ നോട്ടീസയച്ചു. അതിനും പ്രതികരണമുണ്ടാകാതിരുന്നപ്പോൾ കൊല്ലം മുൻസിഫ് കോടതി മുമ്പാകെ അന്യായം ബോധിപ്പിക്കുകയായിരുന്നു. കോൺഗ്രസ് പാർട്ടിയുടെ നിയമാവലി കോടതിയിൽ ഹാജരാക്കി അതിലെ വകുപ്പുകളുടെ നഗ്നമായ ലംഘനം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ ഉത്തരവ് അസാധുവായി പ്രഖ്യാപിക്കാൻ അന്യായം ബോധിപ്പിച്ചിട്ടുള്ളത്.

sonia