സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് തുടക്കം

kalotsavam
 

കോഴിക്കോട്: 61മത് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് കോഴിക്കോട്ട് തിരിതെളിഞ്ഞു. പ്രധാന വേദിയായ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ രാവിലെ 8.30ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു പതാക ഉയര്‍ത്തി. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി വി ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷനായി.

മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയാവുകയാണ് കലോല്‍സവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിജയിക്കലല്ല പങ്കെടുക്കുന്നതിലാണ് കാര്യം. പങ്കെടുക്കുന്നത് തന്നെ വലിയ അംഗീകാരമായി കണക്കാക്കുന്ന സംസ്‌കാരം കുട്ടികളും രക്ഷിതാക്കളും വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രക്ഷിതാക്കള്‍ മല്‍സര പ്രവണത കാണിക്കുന്നുവെന്ന ആരോപണമുണ്ട്. എന്നാല്‍ മറ്റുള്ള കുട്ടികളുടെയും വിജയത്തില്‍ പങ്കുചേരാന്‍ എല്ലാ രക്ഷിതാക്കള്‍ക്കും സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരിയുടെ കാലമാണ് അതുകൊണ്ടു തന്നെ മുന്‍കരുതലുകള്‍ തുടരണമെന്നും കോവിഡ് പ്രതിരോധത്തിന് നാം സ്വീകരിച്ച ശീലങ്ങളെല്ലാം വീണ്ടും സ്വീകരിക്കേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. 

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്‌കൂള്‍ കലാമേള വീണ്ടും നടക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 24 വേദികളിലായി 239 ഇനങ്ങളില്‍ കൗമാര പ്രതിഭകള്‍ മാറ്റുരയ്ക്കും. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.